കൊച്ചി: മരടിലെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കല്‍ പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍ എസ് സുഹാസ്. കായലില്‍ ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നും വീടുകള്‍ സുരക്ഷിതമെന്നും കളക്ടര്‍ അറിയിച്ചു. ഒരപകടവും ഉണ്ടായിട്ടില്ലെന്നും എല്ലാം നിശ്ചയിച്ച പ്രകാരം നടന്നെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം മികച്ച ഏകോപനത്തോടെ പൊളിക്കല്‍ നടന്നെന്ന് കമ്മീഷണര്‍ വിജയ് സാക്കറെ പറഞ്ഞു. മരടിലെ പൊളിച്ച് മാറ്റാൻ നിര്‍ദ്ദേശിച്ചതിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമാണ് ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ്. 

രണ്ടാം ദിവസത്തിൽ നിയന്ത്രിത സ്ഫോടനം നിശ്ചയിച്ചിരുന്ന രണ്ട് ഫ്ലാറ്റുകളിൽ ആദ്യത്തേതാണ് തകര്‍ന്ന് വീണത്. തൊട്ടടുത്ത് കായലായതിനാൽ കായലിലേക്ക് ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങൾ പരമാവധി കുറച്ച് വീഴുന്ന വിധത്തിലാണ് സ്ഫോടനം ക്രമീകരിച്ചിരുന്നത്. ഫ്ലാറ്റിന് ചുറ്റും കായൽ ചുറ്റിവരുന്നത് പോലെയാണ് ഇവിടുത്തെ ഭൂപ്രകൃതി. അതുകൊണ്ടുതന്നെ കായലിന് അപ്പുറത്ത് ഫ്ലാറ്റിന് അടുത്തുള്ള തുറസായ സ്ഥലത്തേക്ക് റെയിൻ ഫാൾ മാതൃകയിൽ ചെരിഞ്ഞ് അമരുന്ന രീതിയിലായിരുന്നു സ്ഫോടനം. 

Read More: ഒരൊറ്റ നിമിഷം; മരടിൽ ജെയിൻ കോറൽ കോവ് നിലം പൊത്തി...

കഴിഞ്ഞ ദിവസത്തിൽ നിന്ന് വ്യത്യസ്ഥമായി വൻ പൊടിപടലമാണ് ഫ്ലാറ്റ് തകര്‍ന്ന് വീണതോടെ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. പൊടിപടലങ്ങൾ നിയന്ത്രിക്കാൻ ഫയര്‍ ഫോഴ്സ് സംഘം അടക്കം നേരത്തെ തന്നെ സജ്ജമായിരുന്നു. കായലുമായി ചേര്‍ന്നിരിക്കുന്ന വീടുകളും നിറയെ മത്സ്യതൊഴിലാളികളും ഉള്ള പ്രദേശമായതിനാൽ സുരക്ഷ മുൻനിര്‍ത്തി എല്ലാവരേയും ഒഴിപ്പിച്ചിരുന്നു.