കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചത് കാരണം ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ നഗരസഭാ അധ്യക്ഷയെ ഉപരോധിക്കുന്നു. പൊടി ശല്യം മൂലം വിട്ടിലിരിക്കാൻ പറ്റുന്നില്ലെന്നും കുട്ടികൾക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. വീടുകളിലിരിക്കാൻ പറ്റാത്ത അത്രയും ഗുരുതരമായ അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. 

Read more: ഫ്ലാറ്റ് പൊളിക്കലിനിടെ വീടുകള്‍ക്ക് നാശമുണ്ടായെങ്കില്‍ പരിഹരിക്കും: മന്ത്രി

വീഡിയോ കാണാം: 

"

ഫ്ലാറ്റ് പൊളിച്ച അവശിഷ്ടങ്ങളിൽ നിന്നും കാറ്റടിക്കുമ്പോൾ വീടുകളിലേക്ക് പൊടി കയറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് ഉടൻ പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. വെള്ളം തളിക്കുകയെന്നത് മാത്രമാണ് തൽക്കാലം ചെയ്യാവുന്ന പരിഹാര നടപടിയെന്ന് നഗരസഭ അധികൃതർ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫയർഫോഴ്സുമായി ധാരണയിലെത്താമെന്നും നഗരസഭാ അധികൃതർ അറിയിച്ചുവെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. 

മരടിൽ ഫ്ലാറ്റുകൾ തകർത്തപ്പോൾ 76,000 ടൺ കോൺക്രീറ്റ് മാലിന്യമാണ് അടിഞ്ഞ് കൂടിയിട്ടുള്ളത്. ജനവാസമുള്ള ഹോളിഫെയത്, ആൽഫ സെറിൻ പരിസരത്ത് ഏതാണ്ട് രണ്ട് നിലയോളമാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ കുന്ന് കൂടി കിടക്കുന്നത്. കായലിനോട് ചേർന്ന ഭഗാമായതിനാൽ എപ്പോഴും കാറ്റടിക്കുന്നത് മൂലം ഇവിടെ നിന്ന് പൊടി വീടുകളിലേക്ക് പറക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോഴും പൊടിയടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. 

70 ദിവസമാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാൻ സ്വകാര്യ കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്, അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പ് കമ്പികൾ വേർതിരിച്ചതിന് ശേഷം മാത്രമാണ് കോൺക്രീറ്റ് അവശിഷ്ടം നീക്കുക. അതുവരെ പൊടിശല്യം നേരിയ തോതിൽ നാട്ടുകാർക്ക് അനുഭവപ്പെടും. ഇതിന്‍റെ തീവ്രത കുറയ്ക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് നഗരസഭ അധ്യക്ഷ പ്രതിഷേധക്കാരെ അറിയിച്ചുവെങ്കിലും പ്രതിഷേധം തണുത്തില്ല.

സുപ്രീം കോടതി ഉത്തരവിലൂടെ മരടിലെ നാല് ഫ്ലാറ്റുകൾ സർക്കാർ പൊളിച്ച് നീക്കിയെങ്കിലും സർക്കാരിന് മുമ്പിൽ തുടർ നടപടികൾ ഇനിയും ഏറെയുണ്ട്. ഫ്ളാറ്റുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി സുപ്രീം കോടതി നിർദേശിച്ച നടപടികളും ഉടൻ പൂർത്തിയാക്കണം.

Read More: മരട് തവിടുപൊടിയായി; നാല് കെട്ടിടം നിലംപൊത്തി, സര്‍ക്കാര്‍ ഇനി സുപ്രീംകോടതിയിലേക്ക് ...

Read More: സീറോ ഡാമേജ്, വീടുകള്‍ സുരക്ഷിതമെന്ന് കളക്ടര്‍; എല്ലാം നിശ്ചയിച്ച പ്രകാരം നടന്നെന്ന് കമ്മീഷണര്‍ ...