കൊച്ചി: മരട് നഗരസഭാ പരിധിയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പായി. രണ്ട് ദിവസങ്ങളിലായി നാല് വൻകിട ഫ്ലാറ്റുകളാണ് നിലംപരിശായത്. നിയന്ത്രിത സ്ഫോടനത്തിലൂടെ മുൻകൂട്ടി നിശ്ചയിച്ച പദ്ധതി അണുവിട വിടാതെയാണ് "മിഷൻ മരട്" പൂര്‍ത്തിയാക്കിയത്.

പതിനൊന്ന്, പന്ത്രണ്ട് തീയതികളിലാണ് ഫ്ലാറ്റ് തകര്‍ക്കുന്ന നടപടികൾ നിശ്ചയിച്ചിരുന്നത്. ഹോളിഫെയ്ത്ത് എച്ച്2 ഒ ഫ്ലാറ്റും ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റുകളും സ്ഫോടനത്തിന് തയ്യാറെടുക്കുമ്പോൾ ആദ്യദിനത്തിലെ ആകാംക്ഷ മുഴുവനും ഉണ്ടായിരുന്നു. പരിസരവാസികൾ ഇതിനെ കണ്ടതോ, ഭീതിയോടെ.

ചുറ്റുപാടുകളിൽ താമസിച്ചിരുന്നവര്‍, വീടുകൾ, പാലം , പൈപ്പ് ലൈനുകൾ - എല്ലാം സംരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ ഏറ്റെടുത്താണ് മരട് സ്ഫോടനത്തിനൊരുങ്ങിയത്.  നിയന്ത്രിത സ്ഫോടനത്തിനുള്ള ക്രമീകരണങ്ങളും സുരക്ഷാ നടപടികളും എല്ലാം പലവട്ടം പറഞ്ഞുറപ്പിച്ചിട്ടും ആശങ്കയുടെ നിമിഷങ്ങളായിരുന്നു ആദ്യദിനം. മുൻ നിശ്ചയിച്ചതിൽ നിന്ന് 15 മിനിറ്റ് വൈകി കെട്ടിടം നിലംപൊത്തിയപ്പോൾ ആശ്വാസം

തുടര്‍ന്ന് വായിക്കാം: സർവ്വം പൊടിപടലം: മരടിൽ എച്ച്ടുഒ ഫ്ലാറ്റ് ഇനിയില്ല, കെട്ടിടം തകർത്തു

ഇരട്ട ടവറുകളുള്ള ആൽഫ സെറിനായിരുന്നു ആദ്യ ദിനത്തിലെ വലിയ വെല്ലുവിളികളിലൊന്ന് . സമീപത്തെ വീടുകൾക്കൊന്നും കേടുപാടില്ലാതെയാണ് കുണ്ടന്നൂര്‍ കായൽക്കരയിലെ കെട്ടിട സമുച്ചയം നിലം പൊത്തിയത്. 

തുടര്‍ന്ന് വായിക്കാം: ജനവാസ പ്രദേശം, കായൽ: ആൽഫ സെറീന്റെ ഇരട്ട ടവറുകൾ പൊളിക്കുന്നത് വെല്ലുവിളി

ദൃശ്യങ്ങൾ കാണാം: 'അഞ്ച് സെക്കൻഡ്', ഭൂമിയിലേക്കൂർന്ന് വീണ് മൂന്ന് ഫ്ലാറ്റുകൾ - ദൃശ്യങ്ങൾ കാണാം സമഗ്രമായി

ആദ്യദിനം വിജയകരമായതിന്‍റെ ആത്മവിശ്വാസത്തിലാണ് രണ്ടാം ദൗത്യദിനത്തിലേക്ക് മരട് ഉണര്‍ന്നത്. കൂട്ടത്തിൽ വലിയ ഫ്ലാറ്റായ ജെയിൻ കോറിൽ കോവും പൊളിക്കൽ സങ്കീര്‍ണ്ണമായ ഗോൾഡൻ കായലോരവുമായിരുന്നു രണ്ടാം ദിവസം പൊളിക്കാൻ നിശ്ചയിച്ചിരുന്നത്. 

തുടര്‍ന്ന് വായിക്കാം; ആദ്യ സൈറൺ മുഴങ്ങി; ജെയിൻ കോറൽ കോവ് പൊട്ടിച്ചിതറാൻ ഇനി മിനിറ്റുകൾ മാത്രം 

നെട്ടൂര്‍ കായലിലേക്ക് അവശിഷ്ടങ്ങൾ വീണേക്കാനുള്ള സാധ്യതകളെല്ലാം മുൻകൂട്ടികണ്ടാണ് മുന്നൊരുക്കങ്ങൾ പുരോഗമിച്ചത്. കായലിലെ മത്സ്യബന്ധന തൊഴിലാളികളെ പൂര്‍ണ്ണമായും പ്രദേശത്തു നിന്ന് മാറ്റിയായിരുന്നു സ്ഫോടനം നടത്തുന്നത്.  വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇടറോഡുകളിൽ ഗതാഗതവും നിയന്ത്രിച്ചു. നൂറ് കണക്കിന് ആളുകളാണ് പൊളിക്കുന്ന ഓരോ ഫ്ലാറ്റിന് പരിസരത്തേക്കും കാഴ്ചക്കാരായി എത്തി.

വീഡിയോ കാണാം:  'അഞ്ച് സെക്കൻഡ്', ഭൂമിയിലേക്കൂർന്ന് വീണ് മൂന്ന് ഫ്ലാറ്റുകൾ - ദൃശ്യങ്ങൾ കാണാം സമഗ്രമായി

ജനവാസ കേന്ദ്രങ്ങളും വീടുകളും തൊട്ടടുത്ത് ഒരു അങ്കണവാടിയും എല്ലാം ഉണ്ടായിരുന്നെങ്കിലും ഒരു കേടുപാടും ഉണ്ടാക്കാതെ മുൻ നിശ്ചയിച്ച പ്രകാരമാണ് സ്ഫോടനങ്ങൾ നാലും നടന്നത് എന്നതിൽ വലിയ ആശ്വാസമാണ് 

തുടര്‍ന്ന് വായിക്കാം: ഗോൾഡൻ കായലോരത്തിനടുത്തുള്ള ആ ചെറു അങ്കണവാടി കെട്ടിടത്തിന് എന്ത് സംഭവിച്ചു?

സുപ്രീംകോടതി വിധിപ്രകാരം നടപടികൾ പൂര്‍ത്തിയാക്കാനായതിൽ വലിയ ആശ്വാസമാണ് സര്‍ക്കാര്‍ വൃത്തങ്ങൾ രേഖപ്പെടുത്തിയത്. ചട്ടം ലംഘിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് മരടിലെ നടപടിയെന്ന് മന്ത്രി എ സി മൊയ്ദീൻ പ്രതികരിച്ചു

."

ഇനി വിധി നടപ്പാക്കിയ വിവരം സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കും. 

 തുടര്‍ന്ന് വായിക്കാം: മരട് പൊളിഞ്ഞു വീണു, ആ 'വീഴ്ച'യിൽ നിന്ന് ഇനി ഫ്ലാറ്റുവാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 

നാല് ഫ്ലാറ്റുകൾ തകര്‍ത്തതിന്‍റെ അവശിഷ്ടങ്ങളാണ് മരടിൽ കൂടിക്കിടക്കുന്നത്.  നിശ്ചിത സമയപരിധിക്കകത്ത് അവശിഷ്ടങ്ങൾ എടുത്ത് മാറ്റുകയെന്നതും കരാറേറ്റെടുത്തവര്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. എഴുപത് ദിവസം അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വേണ്ടി വന്നേക്കാമെന്നാണ് സൂചന.

 തുടര്‍ന്ന് വായിക്കാം:  മരട്: ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ അടുത്ത ദിവസം മുതൽ നീക്കം ചെയ്യും

അനധികൃത കയ്യേറ്റങ്ങൾക്കെതിരെയും ചട്ടംലംഘിച്ച നിര്‍മ്മാണത്തിനെതിരെയും എന്ത് നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. അനധികൃത കയ്യേറ്റങ്ങൾ പലതും ക്രമപ്പെടുത്തി നൽകാൻ മുൻകാലങ്ങളിൽ തീരുമാനം എടുത്തിരുന്നത് വൻകിട നിര്‍മ്മിതികൾ പൊളിച്ച് കളയുന്നതിന്‍റെ സാങ്കേതിക ബുദ്ധിമുട്ട് കൂടി കണക്കിലെടുത്തായിരുന്നു.

"

എന്നാൽ മരട് മഷൻ വിജയകരമായി നടപ്പാക്കിയതോടെ ആ ഒരു സാങ്കേതികതക്ക് ഇനി അര്‍ത്ഥമില്ലാതായി. അതുകൊണ്ടുതന്നെ ഇത്തരം അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ഇനി എന്ത് നിലപാട് എന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്. 

തുടര്‍ന്ന് വായിക്കാം: എന്തൊക്കെയാണ് മരടിലെ ഫ്ലാറ്റുകൾ ലംഘിച്ച കോസ്റ്റൽ റെഗുലേഷൻ സോൺ ചട്ടങ്ങൾ ?...

മൂന്നാര്‍ മിഷൻ അടക്കം ഒരിടക്ക് വൻ പദ്ധതിയായി കൊണ്ടുവന്ന്  സര്‍ക്കാര്‍ പാതി വഴിയിൽ അവസാനിപ്പിച്ച വൻകിട കയ്യേറ്റങ്ങൾക്കും മരടിലെ നടപടി ചൂണ്ടുപലകയാകുമെന്ന് ഉറപ്പ്.