
കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. എളമക്കര പടപുരയ്ക്കൽ വീട്ടിൽ ആർ മഹാരാജ് (64) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹവും കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് നാരങ്ങ മാലയും പണവും മോഷണം പോയത്. തുടർന്ന് എളമക്കര പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തി.
അന്വേഷണത്തിനിടെ പോണേക്കരയിൽ പണിക്കുപോയ വീട്ടിൽ നിന്ന് ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഹാരാജ് പിടിയിലായത്. ഇയാൾ കതൃക്കടവിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വിഗ്രഹം കണ്ടെത്തി.
24,000 രൂപ വിലവരുന്ന ഗണപതി വിഗ്രഹം ഇടപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് സ്പോൺസർ ചെയ്തതാണ്. എസിപി സിബി ടോമിന്റെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡിലെ എസ്ഐ അഫ്സൽ, സീനിയർ സിപിഒ ഗിരീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam