
ആലപ്പുഴ: ദേശീയപാതയില്‍ പാതിരപ്പള്ളി ജംഗ്ഷന് സമീപം കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചു. മലപ്പുറം പുളിക്കല്‍ ശ്രീരാഗം വീട്ടില്‍ രാധമ്മയാണ് (74) മരിച്ചത്. കാറിലുണ്ടായിരുന്ന മകള്‍ ജയശ്രി, ഭര്‍ത്താവ് രാജീവ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജയശ്രീയെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും രാജീവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാജീവാണ് കാര്‍ ഓടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെപാതിരപ്പള്ളി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഡിപ്പോയില്‍ നിന്നും ചേര്‍ത്തലയിലേയ്ക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍ഭാഗത്തേക്ക് വടക്ക് ഭാഗത്ത് നിന്നും നീയന്ത്രണം വിട്ട് വന്ന ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും രാധമ്മ മരിച്ചിരുന്നു. മാവേലിക്കര ചുനക്കരയിലെ കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ആലപ്പുഴ നോര്‍ത്ത് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Read more: വാടാനപ്പള്ളിയിൽ 4 കടകൾക്ക് തീപിടിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
അതേസമയം, ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെ ഇരിങ്ങാലക്കുട - തൃശൂര്‍ റോഡില്‍ മാര്‍വെല്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപടത്തില്‍ ബൈക്ക് യാത്രികനായ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ (52) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍.
തൃശൂരില്‍ നിന്ന് വരികയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ ഇയാളുടെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരിങ്ങാലക്കുട പൊലീസെത്തിയാണ് മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.