
ഹരിപ്പാട്: കരുതൽ ഉച്ചഭക്ഷണം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കപ്പലണ്ടി ചലഞ്ചിലൂടെ രണ്ട് അംഗപരിമിതർക്ക് ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകി. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന രണ്ട് ദിനങ്ങളിലാണ് ഈ ചലഞ്ച് സംഘടിപ്പിച്ചത്.
ഒരു ലക്ഷത്തി മുപ്പത്തിആറായിരം രൂപയാണ് ചലഞ്ചിലൂടെ സമാഹരിച്ചത്. ഭിന്നശേഷിക്കാരിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറി മുട്ടത്ത് പറമ്പിൽ അമ്പിളി (43), അപൂർവ രോഗം ബാധിച്ച ഇരുകാലുകളും മുറിച്ചു കളയേണ്ടി വന്ന കുമാരപുരം ചിത്തിരയിൽ വിനോദ് എന്നിവർക്കാണ് വീൽചെയറുകൾ നൽകിയത്. കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ ഡേവിഡിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നടയിൽ വച്ച് നടന്ന ചടങ്ങിൽ ഇരു വർക്കും വീൽചെയറുകൾ കൈമാറി.
ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു,റവ. സോനു ജോർജ്, ഹരിപ്പാട് ശാന്തിഗിരി ആശ്രമം മഠാധിപതി മധുര നാഥ് സ്വാമി, ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രം അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ജി എസ് ബൈജു, ലല്ലു ജോൺ,അജി, പ്രസാദ്, മിനി, സുജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് കിലോ ഭാരം ചുമന്ന് 50 മിനിറ്റുകൊണ്ട് 12 കിലോമീറ്റർ ഓടി, ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി അജയ്
ഇടുക്കി: തോളില്‍ അഞ്ച് കിലോ ഭാരം ചുമന്ന് 50 മിനിറ്റ്‌കൊണ്ട് 12 കിലോമീറ്റര്‍ ഓടി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി അജയ്. തോട്ടം തൊഴിലാളിയുടെ മകനായ അജയുടെ നേട്ടത്തിന് തിളക്കമേറെയാണ്. അജയ്ക്ക് ആദരവുമായി രാഷ്ട്രീയ പ്രവർത്തകരും എത്തി. തോട്ടംമേഖലയിലെ കഴിവുള്ള യുവാക്കളുടെ തുടർച്ചയായ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത് ഇത് ആദ്യമല്ല. പുറകോട്ട് നടന്നും, കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചും ഇന്റര്‍ നാഷമല്‍ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കിയിട്ടുണ്ട് ഇവിടെ ചില യുവാക്കൾ.
ഇത് ഊർജമാക്കി മാസങ്ങളോളം നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ വാഗുവാരയിലെ വിക്ടര്‍-വള്ളിയമ്മാള്‍ ദമ്പതികളുടെ മകന്‍ അജയ് വിജയ വഴിയിലെത്തിയത്. തന്റെ എസ്‌റ്റേറ്റ് ആയ നയമക്കാട്ടില്‍ നിന്ന് വാഗുവാര വരെയുള്ള ദൂരമാണ് അജയ് ഓടിയത്. തോളില്‍ ഭാരം ചുമന്ന് 50 മിനിറ്റ് കൊണ്ട് 12 കിലോ മീറ്ററാണ് അജയ് എത്തിയത്. ഇത് റെക്കൊർഡായി മാറുകയും ചെയ്തു.
യുവാവിനെ വാര്‍ഡ് അംഗവും മൂന്നാര്‍ പഞ്ചായത്ത് വികസന കമ്മറ്റി ചെയര്‍ പേഴ്‌സനുമായ കനകമ്മയുടെ നേത്യത്വത്തില്‍ ആദരിച്ചു. മൂന്നാര്‍ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ മുന്‍ എംഎല്‍എ എകെ മണി അജയ്ക്ക് ട്രോഫിയും ഷാളും നല്‍കി. എന്റെ മകന്റെ പ്രയത്നം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും എസ്റ്റേറ്റില്‍ നിരവധി കഴിവുള്ള യുവാക്കളുണ്ടെന്നും എല്ലാവരും ഇത്തരത്തില്‍ ശ്രമിക്കണമെന്ന് അജയും മാതാപിതാക്കൾ പറഞ്ഞു.