അഞ്ച് കിലോ ഭാരം ചുമന്ന് 50 മിനിറ്റുകൊണ്ട് 12 കിലോമീറ്റർ ഓടി, ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി അജയ്

By Web TeamFirst Published Apr 29, 2022, 5:50 PM IST
Highlights

തോളില്‍ അഞ്ച് കിലോ ഭാരം ചുമന്ന് 50 മിനിറ്റ്‌കൊണ്ട് 12 കിലോമീറ്റര്‍ ഓടി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി അജയ്. തോട്ടം തൊഴിലാളിയുടെ മകനായ അജയുടെ നേട്ടത്തിന് തിളക്കമേറെയാണ്

ഇടുക്കി: തോളില്‍ അഞ്ച് കിലോ ഭാരം ചുമന്ന് 50 മിനിറ്റ്‌കൊണ്ട് 12 കിലോമീറ്റര്‍ ഓടി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി അജയ്. തോട്ടം തൊഴിലാളിയുടെ മകനായ അജയുടെ നേട്ടത്തിന് തിളക്കമേറെയാണ്. അജയ്ക്ക് ആദരവുമായി രാഷ്ട്രീയ പ്രവർത്തകരും എത്തി. തോട്ടംമേഖലയിലെ കഴിവുള്ള യുവാക്കളുടെ തുടർച്ചയായ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത് ഇത് ആദ്യമല്ല. പുറകോട്ട് നടന്നും, കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചും  ഇന്റര്‍ നാഷമല്‍ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കിയിട്ടുണ്ട് ഇവിടെ ചില യുവാക്കൾ.

ഇത് ഊർജമാക്കി മാസങ്ങളോളം നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ വാഗുവാരയിലെ വിക്ടര്‍-വള്ളിയമ്മാള്‍ ദമ്പതികളുടെ മകന്‍ അജയ്  വിജയ വഴിയിലെത്തിയത്. തന്റെ എസ്‌റ്റേറ്റ് ആയ നയമക്കാട്ടില്‍ നിന്ന് വാഗുവാര വരെയുള്ള ദൂരമാണ് അജയ് ഓടിയത്. തോളില്‍ ഭാരം ചുമന്ന് 50 മിനിറ്റ് കൊണ്ട് 12 കിലോ മീറ്ററാണ് അജയ് എത്തിയത്. ഇത് റെക്കൊർഡായി മാറുകയും ചെയ്തു. 

യുവാവിനെ വാര്‍ഡ് അംഗവും മൂന്നാര്‍ പഞ്ചായത്ത് വികസന കമ്മറ്റി ചെയര്‍ പേഴ്‌സനുമായ കനകമ്മയുടെ നേത്യത്വത്തില്‍ ആദരിച്ചു. മൂന്നാര്‍ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ മുന്‍ എംഎല്‍എ എകെ മണി അജയ്ക്ക് ട്രോഫിയും ഷാളും നല്‍കി. എന്റെ മകന്റെ പ്രയത്നം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും എസ്റ്റേറ്റില്‍ നിരവധി കഴിവുള്ള യുവാക്കളുണ്ടെന്നും എല്ലാവരും ഇത്തരത്തില്‍ ശ്രമിക്കണമെന്ന് അജയും മാതാപിതാക്കൾ പറഞ്ഞു.

കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

പത്തനംതിട്ട: കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ളാഹ അട്ടത്തോട് മഞ്ഞത്തോട് ആദിവാസി കോളനിയിൽ സന്തോഷിൻ്റെ ഭാര്യ ശാന്ത (39) ആണ് പെൺ കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാട്ടിൽ കുടിൽകെട്ടി ആണ് ശാന്തയും കുടുംബവും കഴിയുന്നത്. 

ശാന്തക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പം ഉള്ളവർ വിവരം ആശാ പ്രവർത്തകയെ അറിയിച്ചു. ഇവർ ഉടനെ വിവരം വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അന്നാമ്മ എബ്രഹാമിനെ അറിയിച്ചു. അന്നമ്മയാണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ അത്യാഹിത സന്ദേശം വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ് സുജിത്ത് എം.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആനന്ദ്. എ എന്നിവർ ഉടനെ സ്ഥലത്തേക്ക് തിരിച്ചു.  എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് ശാന്ത കുഞ്ഞിന് ജന്മം നൽകി. ഇതിനിടയിൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി. കാടിനുള്ളിലൂടെ  വളരെ ബുദ്ധിമുട്ടിയാണ് സംഘം ശാന്തയുടെ അടുത്ത് എത്തിയത്. 

സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആനന്ദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകി. ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടനെ ഇരുവരെയും ആംബുലൻസ് പൈലറ്റ് സുജിത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

click me!