
ആലുവ: കമ്പനിപ്പടിയിൽ തോക്ക് ചൂണ്ടി കാറുൾപ്പടെ ഡ്രൈവറെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ച് പേർക്കെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇടപ്പള്ളി സ്വദേശി അബ്ദുൾ മനാഫ്, പറവൂർ സ്വദേശി അൻഷാദ്, തൃശ്ശൂർ മതിലകം സ്വദേശി ബഷീർ, തൃശ്ശൂർ കൊള്ളിമുട്ടം സ്വദേശി ചന്ദ്രദാസ്, പാലക്കാട് സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവർക്കെതിരെയാണ് നോട്ടീസ്. 11 പ്രതികളുള്ള കേസിൽ ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 31ന് ബെംഗളൂരുവിൽ നിന്ന് പുകയില ഉൽപ്പന്നവുമായി വന്ന പൊന്നാനി സ്വദേശി സജീറിനെയാണ് തട്ടിക്കൊണ്ടുപോയത്.
മാർച്ച് 31ന് കമ്പനിപ്പടി ഭാഗത്ത് വച്ചാണ് പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച് അവശനാക്കിയ ശേഷം സജീറിനെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഹാൻസ് തട്ടിയെടുക്കാനായി ക്വട്ടേഷൻ സംഘത്തെ അയച്ച പാലക്കാട് സ്വദേശി മുഹീബ് പിന്നീട് പിടിയിലായിരുന്നു.
ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു മുജീബിന്‍റെ ലക്ഷ്യം. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാൻസ് മൊത്ത വിതരണക്കാരനാണ് ഇയാൾ. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന മുജീബിനെ കളമശേരിയിൽ നിന്നും പിന്നീട് പിടികൂടി. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ച് ചാക്ക് ഹാൻസ് പോലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. ഇയാൾ ഇതിന് മുൻപും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിലെ അൻസാബ്, അരുൺ അജിത് എന്നിവരെ കൊല്ലത്തു നിന്നും അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിൽ ഒരു മാസം കഴിയാറായതോടെ പ്രതികളെ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.