കാട്ടാന ആക്രമണം; തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് സോളാര്‍ വേലി സ്ഥാപിച്ചു, ഭീതിയൊഴിയാതെ നാട്ടുകാർ

By Web TeamFirst Published Feb 2, 2023, 2:59 PM IST
Highlights

ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് തവണയാണ്, പന്നിയാറിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചത്.പന്നിയാറിലും ആനയിറങ്കലിലും റേഷന്‍കടകള്‍ക്കായി പുതിയ കെട്ടിടം നിര്‍മ്മിയ്ക്കും.  

ശാന്തൻപാറ: ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍, കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് തവണയാണ്, പന്നിയാറിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചത്.പന്നിയാറിലും ആനയിറങ്കലിലും റേഷന്‍കടകള്‍ക്കായി പുതിയ കെട്ടിടം നിര്‍മ്മിയ്ക്കും.  

കാട്ടാനയുടെ ആക്രമണത്തില്‍ റേഷൻ കട കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെയാണ്, സോളാര്‍ വേലി ഒരുക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കിയത്. പന്നിയാര്‍ എസ്റ്റേറ്റിലെ സ്‌കൂള്‍, കളിസ്ഥലം, ആരാധനാലയം, തുടങ്ങിയവയ്ക്ക് സംരക്ഷണം ഒരുക്കിയാണ് വേലി നിര്‍മ്മിച്ചിരിയ്ക്കുന്നതെന്ന് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു. റേഷന്‍ കട താത്കാലികമായി പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേയ്ക്ക് മാറ്റി. പന്നിയാറിനൊപ്പം, ആനയിറങ്കലിലേയും റേഷന്‍ കടയ്ക്കായി പുതിയ കെട്ടിടം നിര്‍മ്മിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഹാരിസണ്‍ മലയാളം കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കാട്ടാന ആക്രമണം പതിവായ സാഹചര്യത്തില്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന സിങ്കുകണ്ടം, ചെമ്പകത്തൊഴുകുടി, ബിഎല്‍ റാം, കോഴിപ്പനകുടി തുടങ്ങിയ മേഖലകള്‍ക്കും സംരക്ഷണം ഒരുക്കി ഫെന്‍സിംഗ് സ്ഥാപിയ്ക്കും. ആകെ 21.7 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഹാങ്ങിങ് സോളാര്‍ ഫെന്‍സിംഗ് ഒരുക്കാനാണ് വനം വകുപ്പ് പദ്ധതി ഒരുക്കുന്നത്

കാട്ടാന ആക്രമണം പതിവായതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം, പന്നിയാറില്‍ ഫോറസ്റ്റ് വാച്ചര്‍, ആനയുടെ ആക്രമണത്തില്‍ കൊല്ലപെട്ടിരുന്നു. ചിന്നക്കനാല്‍ നിവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു, കാട്ടാന ആക്രമണത്തില്‍ കൊല്ലപെട്ട ശക്തിവേല്‍. ആനയുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന സഹായി. ശക്തിവേലിന്റെ വിയോഗം കുടുംബത്തിനും നാടിനും തീരാദുഖമാണ് നല്‍കിയത്. 

വനം വകുപ്പ് വാച്ചറായിരുന്ന ശക്തിവേല്‍ ഏറെ ഇഷ്ടത്തോടെയാണ് ജോലി ചെയ്തിരുന്നത്. മതികെട്ടാന്‍ ചോലയിലെ ഒറ്റയാന്‍മാരുടെ സ്വഭാവ സവിശേഷതകള്‍, ശക്തിവേല്‍ കൃത്യമായി മനസിലാക്കിയിരുന്നു. ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്ന കാട്ടാനകളെ ശാസിച്ച്, അനുനയിപ്പിച്ചിരുന്നു. പ്രായമായ അമ്മയും ഭാര്യയും നാല് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ശക്തിവേല്‍. ഇഷ്ടപെട്ട ജോലിയ്ക്കിടെ, ജീവന്‍ നഷ്ടമായപ്പോള്‍ തകര്‍ന്നത് കുടുംബമാണ്. തോരാത്ത കണ്ണീരുമായി ശക്തിവേലിന്റെ ഓര്‍മ്മകളില്‍ കഴിയുകയാണിവര്‍. നഷ്ടം നികത്താനാവില്ലെങ്കിലും സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട്. ആദ്യ ഘട്ട നഷ്ടപരിഹാര തുക കൈമാറിയതിനൊപ്പം, ഇളയ മകള്‍ രാധികയ്ക്ക് വനം വകുപ്പില്‍ ജോലി നല്‍കുമെന്ന ഉറപ്പും നല്‍കി. അച്ഛന് ഏറെ സ്നേഹിച്ചിരുന്ന വനം വകുപ്പില്‍ തന്നെ മകള്‍ക്ക് ജോലി ലഭിയ്ക്കുന്നതിന്റെ ആശ്വാസത്തിലാണ് കുടുംബം. കുമുദ, വനിത, പ്രിയ, രാധിക എന്നിവരാണ് ശക്തിവേലിന്റെ മക്കള്‍. ഇവരില്‍ മൂന്ന് പേരുടെ വിവാഹം കഴിഞ്ഞു. ഇളയമകള്‍ രാധികയാണ്, ഇനി അമ്മയുടേയും വല്യമ്മയുടേയും കാവല്‍ക്കാരി.

Read Also: പന്നിക്ക് വച്ച കെണിയില്‍ കുടുങ്ങി കടുവ ചത്തു, കാപ്പി ചെടിയടക്കം കസ്റ്റഡിയില്‍


 

click me!