ഇടുക്കി പെരിയവാര എസ്റ്റേറ്റിൽ കാട്ടാന ശല്യം, വീടിന്റെ മേല്‍ക്കൂര തകർത്തു

By Web TeamFirst Published Nov 16, 2021, 4:07 PM IST
Highlights

തൊഴിലാളികള്‍ക്ക് പകല്‍ നേരങ്ങളില്‍ പോലും തേയിലക്കാടുകളില്‍ ജോലിക്കുപോകാന്‍ കഴിയുന്നില്ല. വനപ്രദേശങ്ങളോട് അടുത്തുള്ള എസ്‌റ്റേറ്റുകളില്‍ കടുവയടക്കമുള്ളവയുടെ സാനിധ്യവും അധികൃതര്‍ കണ്ടെത്തിയിരുന്നു.

മൂന്നാർ: പെരിയവാര എസ്റ്റേറ്റ് ആനമുടി ഡിവിഷനില്‍ കാട്ടാന (Wild Elephant) ശല്യം രൂക്ഷം. തൊഴിലാളികളുടെ വീടിന്റെ മേല്‍ക്കൂരയും ശിശുപരിപാതന കേന്ദ്രവും ആന തകര്‍ത്തു. സംഭവത്തിൽ വനപാലകരുടെ (Forest Officers) അടിയന്തര ഇടപെടല്‍ വേണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മൂന്നാറിലെ (Munnar) എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനകളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. 

തൊഴിലാളികള്‍ക്ക് പകല്‍ നേരങ്ങളില്‍ പോലും തേയിലക്കാടുകളില്‍ ജോലിക്കുപോകാന്‍ കഴിയുന്നില്ല. വനപ്രദേശങ്ങളോട് അടുത്തുള്ള എസ്‌റ്റേറ്റുകളില്‍ കടുവയടക്കമുള്ളവയുടെ സാനിധ്യവും അധികൃതര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പെരിയവാര ആനമുടി ഡിവിഷനില്‍ പുലര്‍ച്ചയോടെ എത്തിയ ഒറ്റയാൻ എസ്‌റ്റേറ്റിലെ ശിശുപരിപാലന കേന്ദ്രവും രാമരാജിന്റെ അടുക്കളത്തോട്ടവും നശിപ്പിച്ചു. 

മുനിയമ്മ- ജോണ്‍ എന്നിവരുടെ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് ആന കാടുകയറിയത്. ആനപ്പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് തൊഴിലാളികളായ തങ്കം, മുനിയമ്മ എന്നിവര്‍ പറഞ്ഞു. മാസങ്ങളായി കാട്ടാനകള്‍ കൂട്ടമായും അല്ലാതയും ജനവാസമേഖലകളില്‍ എത്തുന്നത് തടയുന്നതിന് വനപാലകര്‍ക്ക് കഴിയാത്തത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉപജീവനത്തിനായി അടുക്കളത്തോട്ടങ്ങളില്‍ ക്യഷിയിറക്കിയും കന്നുകാലികളെ വളര്‍ത്തിയും ജീവിക്കുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേണമെന്നാണ് ആവശ്യം.
 

click me!