വിതുരയില്‍ ചത്ത നിലയില്‍ കുട്ടിയാന; കാഴ്ചക്കാരില്‍ നോവായി അമ്മയാന 

By Web TeamFirst Published Jan 16, 2023, 12:55 PM IST
Highlights

പാലോട് ഫോറസ്റ്റ് റേഞ്ചിലെ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. അമ്മയാനയ്ക്ക് പിന്തുണയ്ക്കായി കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തുടര്‍ന്നതോടെ നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വിതുര: അസാധാരണമായ നിലയില്‍ കാട്ടാനയുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് ചത്ത നിലയിലുള്ള കുട്ടിയാനയെ തട്ടിവിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന അമ്മയാനയെ. തിരുവനന്തപുരം വിതുരയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയാനയെ ചത്തനിലയില്‍ കണ്ടെത്തിയത്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. അമ്മയാനയ്ക്ക് പിന്തുണയ്ക്കായി കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തുടര്‍ന്നതോടെ നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

സമീപത്തേക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കുട്ടിയാനയുടെ അടുത്തേക്ക് അടുപ്പിക്കാത്ത അമ്മയാന മൃതദേഹത്തിന് സമീപത്ത് ഏറെ നേരം നിന്നത് കണ്ട് നിന്നവരില്‍ വേദനയായി. കുട്ടിയാനയുടെ മൃതദേഹം അമ്മയാന തട്ടി മുന്നോട്ട് കൊണ്ട് പോവുന്ന നിലയിലാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയുടെ മൃതദേഹം എടുക്കാനായി ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിച്ചെങ്കിലും വഴങ്ങാന്‍ അമ്മയാന തയ്യാറായിരുന്നില്ല. തിങ്കളാഴ്ച രാവിലെ മാത്രമാണ് അമ്മയാന കുട്ടിയാനയുടെ അടുത്ത് നിന്ന് മാറാന്‍ തയ്യാറായത്.

ഈ സമയത്തിനുള്ളില്‍ മുരിക്കുംകാലയില്‍ നിന്ന് വേങ്ങയിലേക്ക് കുട്ടിയാനയുടെ മൃതദേഹം അമ്മയാന എത്തിച്ചിരുന്നു. മൃതദേഹം വനംവകുപ്പ് പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ മുറയ്ക്ക് സംസ്കരിക്കും. അതേസമയം അതിരപ്പിള്ളി ഏഴാറ്റുമുഖത്ത് തുമ്പിക്കൈയ്യില്ലാതെ കുട്ടിയാനയെ കണ്ടെത്തി ഒരാഴ്ചയായിട്ടും വനം വകുപ്പിന് ആനക്കൂട്ടത്തെ കണ്ടെത്താനായിട്ടില്ല. തള്ളയാനയ്ക്കൊപ്പമാണ് നാട്ടുകാര്‍ തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. പരിശോധനകള്‍ തുടരുകയാണെന്നും ആനക്കൂട്ടത്തെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നുമാണ് വനം വകുപ്പിന്‍റെ വിശദീകരണം.

ഏഴാറ്റുമുഖം മേഖലയിൽ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ ആദ്യം കണ്ടെത്തിയത്. അമ്മയാനയടക്കം അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടത്തിലാണ്  തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി ഉണ്ടായിരുന്നത്. നാട്ടുകാരനായ സജിൽ ഷാജുവാണ് ഈ ആനക്കുട്ടിയെ കണ്ടെത്തിയത്. സജില്‍ നല്‍കിയ വിവരത്തേ തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ എത്തി ആനകുട്ടിയുടെ ചിത്രങ്ങൾ എടുക്കുകയായിരുന്നു. 

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് പ്രദീപ് പാലവിളാകം
 

click me!