
തിരുവനന്തപുരം: റഷ്യയിൽ എം ബി ബി എസ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ. റഷ്യയിൽ എം ബി ബി എസിന് പഠിക്കുന്ന തിരുവനന്തപുരം നേമം എസ് വി സദനം വീട്ടിൽ എസ് വി. അനുവിനെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. റാന്നി സ്വദേശിനിയിൽ നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്.
റഷ്യയിൽ എത്തിയ വിദ്യാർഥിനി പഠനം ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പെൺകുട്ടി തിരിച്ച് നാട്ടിലെത്തി റാന്നി പൊലീസിൽ പരാതി നൽകി. റഷ്യയിലായിരുന്ന അനുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒരുവർഷം വിദേശത്ത് താമസിച്ചിരുന്ന ഇയാൾ നാട്ടിലെത്താൻ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടഞ്ഞ് ജില്ല പൊലീസ് മേധാവിയെ അറിയിച്ചു.
തുടർന്ന് റാന്നി എസ്.ഐ സന്തോഷ് കുമാർ, സി പി ഒ ഷിന്റോ എന്നിവർ ചെന്നൈയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ റാന്നിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി ഇൻസ്പെക്ടർ സുരേഷ്, എസ്.ഐമാരായ ഹരികുമാർ, സലാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Read more: മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ
അതേസമയം, തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പനയ്ക്ക് എത്തിയ ഇരുപത് വയസുകാരനെ പൊലീസ് പിടികൂടി. വർക്കലയില്‍ സ്കൂൾ വിദ്യാർത്ഥികള്‍ക്ക് വില്‍ക്കാനായി ലഹരി മരുന്നുമായെത്തിയ വർക്കല തോക്കാട് സ്വദേശി അഫ്നാന്‍ ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് ലഹരിമരുന്നും പൊലീസ് പിടിച്ചെടുത്തു.
ബൈക്കിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി നാർക്കോട്ടിക് സെൽ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഉച്ചയോടെ ഇയാൾ ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ വീടിനടുത്ത് വെച്ച് പൊലീസ് പിടികൂടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam