'അടുത്ത വർഷം തിരികെ എത്താം', എട്ടാം ക്ലാസിൽ എട്ട് നിലയിൽ പൊട്ടിയ മൂവർ സംഘം നാട് വിട്ടു, ആശങ്കയ്ക്ക് അറുതി

Published : Jan 06, 2024, 12:41 PM ISTUpdated : Jan 07, 2024, 08:32 AM IST
'അടുത്ത വർഷം തിരികെ എത്താം', എട്ടാം ക്ലാസിൽ എട്ട് നിലയിൽ പൊട്ടിയ മൂവർ സംഘം നാട് വിട്ടു, ആശങ്കയ്ക്ക് അറുതി

Synopsis

എട്ടാംക്ലാസിലെ ക്രിസ്തുമസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടിയതിന് ഒരു കത്തും എഴുതി വെച്ച് നാടുവിടുകയാണ് 13 വയസ്സുകാരായ വിരുതൻമാർ ചെയ്തത്

വൈപ്പിൻ: പരീക്ഷയിൽ തോറ്റത് വീട്ടിലറിയുമ്പോഴുള്ള വഴക്കും ശകാരവും ഒഴിവാക്കാന്‍ പല വിധ മാർഗങ്ങളാണ് ഇന്നത്തെ കുട്ടികൾ സ്വീകരിക്കുന്നത്. വൈപ്പിനിൽ മൂന്ന് വിരുതന്മാർ ഇത്തരത്തിലുണ്ടാക്കിയ പൊല്ലാപ്പിന് ഒടുവിൽ പൊലീസ് സ്റ്റേഷനിലാണ് അന്ത്യമായത്. എട്ടാംക്ലാസിലെ ക്രിസ്തുമസ് പരീക്ഷയിൽ തോറ്റതിന് ഒരു കത്തും എഴുതി വെച്ച് നാടുവിടുകയാണ് 13 വയസ്സുകാരായ വിരുതൻമാർ ചെയ്തത്.

എറണാംകുളം വൈപ്പിൻ സ്വദേശികളായ  വിദ്യാർത്ഥികളാണ് ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയത്. സ്വന്തം കൈപ്പടയിൽ വീട്ടുകാർക്ക് കത്തെഴുതി വച്ചിട്ടായിരുന്നു ഒളിച്ചോട്ടം. എറണാംകുളം പുതുവൈപ്പ് സ്വദേശികളായ പ്രവീഷിന്‍റെ മകന്‍ ആദിത് (13) പ്രജീഷിന്‍റെ മകന്‍ ആദിഷ് (13) ,ജസ്റ്റിന്‍റെ മകന്‍ ആഷ് വിൻ (13)  എന്നിവരാണ് ജനുവരി 5ന് രാവിലെ 11മണിയോടെ വീടുവിട്ടത്.

ആദിത്ത് എഴുതിയ കത്ത് ഇപ്രകാരമാണ്...
'പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, ഞാനും എന്റെ രണ്ട് കൂട്ടുകാരായ ആദിഷ് എന്ന കുഞ്ഞുവും, ആഷിന്‍ എന്ന ആച്ചിയും കൂടി നാട് വിടുകയാണ്. ഈ ഞങ്ങളെ അന്വേഷിച്ച് ഇനി അച്ഛനും അമ്മയും വരാന്‍ നിൽക്കരുത്. ഇനി അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഞങ്ങൾ തിരിച്ച് വരൂ.  അപ്പോൾ മാത്രമേ ഞങ്ങളെ പ്രതീക്ഷിച്ചാൽ മതി. ഞങ്ങൾ പോവുന്നത് കൊണ്ട് പൊലീസിനേയും പട്ടാളത്തിനേയും അറിയിക്കണം എന്നില്ല. എന്തായാലും ഒരു ദിവസം ഞങ്ങള് വരും.'

ആദിത്താണ് അച്ഛനെയും അമ്മയെയും അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തെഴുതി വീട്ടിൽ വെച്ചത്. തങ്ങളുടെ പേരും, ഇനി സംശയം വേണ്ടെന്ന് കരുതി കൂടെ വിളിപ്പേരും ചേർത്ത് എഴുതിയാണ് കക്ഷികൾ മുങ്ങിയത്.  പരീക്ഷയെ പറ്റിയും തോൽവിയെ പറ്റിയും യാതൊരു സൂചനയും കത്തിലില്ല. ലോകം ചുറ്റി അടുത്ത ജനുവരിയിൽ തിരിച്ചുവരാനായിരുന്നു കുട്ടികളുടെ പ്ലാൻ.   ഞങ്ങളെ അന്വേഷിച്ച് വരണ്ട, പൊലീസിനെയും പട്ടാളത്തെയും അറിയിക്കുകയും വേണ്ടെന്നും കത്തിൽ പറയുന്നു. എന്നാൽ അന്വേഷിക്കാതിരിക്കാന്‍ മാതാപിതാക്കൾക്ക് ആവില്ലല്ലോ. അവർ ഞാറയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ലുക്കൌട്ട് നോട്ടീസും ഇറക്കി. ഇന്നലെ രാത്രി തന്നെ കേരള പൊലീസ് കുട്ടികളെ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നും കണ്ടെത്തി.  

തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നും കണ്ടെത്തിയ കുട്ടികളെ ഞാറക്കൽ പൊലീസ് ഉച്ചയോടെ ജില്ലാ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ശേഷം കുട്ടികളെ  വീട്ടിലേക്ക് വിട്ടയക്കുമെന്ന് ഞാറയ്ക്കൽ പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ
കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ, പരാതി