
മലപ്പുറം: പൊലീസ് (Kerala Police) ചുമത്തിയ പോക്സോ കേസിന്‍റെ (POCSO Case) പേരില്‍ അപമാനിക്കപെട്ടു കഴിയുകയാണ് മലപ്പുറം തെന്നലയിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയും അവന്‍റെ കുടുംബവും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസില്‍ ഡിഎൻഎ പരിശോധനാ ഫലത്തിലൂടെ നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും കേസില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ശ്രീനാഥിനെ പൊലീസ് ഇതുവരെ ഒഴിവാക്കിയിട്ടില്ല. പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനും മാസങ്ങളായിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല.
മകനെ ഓർത്തുള്ള ഒരമ്മയുടെ കണ്ണീരിനും ആശങ്കക്കും മറുപടി പറയേണ്ടത് പൊലീസാണ്. പോക്സോ കേസ് ചുമത്തി പൊലീസ് ജയിലിലടച്ച മകൻ ശ്രീനാഥ് കുറ്റക്കാരനല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ കോടതി കണ്ടെത്തുകയായിരുന്നു. മകന് കോടതി ജാമ്യവും നല്‍കിയിട്ട് നാലര മാസമായി. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്താല്‍ എളുപ്പത്തില്‍ തെളിയുന്ന ഈ കേസില്‍ ഈ കാലമത്രയുമായിട്ടും പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യഥാര്‍ത്ഥ പ്രതിയെ പൊലീസിന് കണ്ടെത്താനാവാത്തതെന്തുകൊണ്ടെന്നാണ് ഈ കുടുംബം ചോദിക്കുന്നത്.
ഒപ്പം യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതുവരെ മകനെ കേസില്‍ നിന്ന് ഒഴിവാക്കില്ലെന്ന് പൊലീസ് പറയുന്നത് എന്ത് നീതിയാണെന്നും അവർ വേദന നിറഞ്ഞ ഹൃദയവുമയി ചോദ്യം മുന്നോട്ട് വയ്ക്കുന്നു. കള്ളക്കേസ് ചുമത്തി 36 ദിവസം മകനെ ജയിലടച്ചതിന് ആര് ഉത്തരം പറയും? ശ്രീനാഥിന്‍റെ മാതാപിതാക്കള്‍ നിസഹായതയോടെ തങ്ങളുടെ വേദന പങ്കുവെയ്ക്കുന്നു.
താനൂര്‍ ഡിവൈഎസ്പിക്കാണ് ഇപ്പോള്‍ കേസിന്‍റെ അന്വേഷണ ചുമതല. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാൻ വിലക്കുണ്ടെന്ന് പറഞ്ഞ് ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാുകയാണ്. പിങ്ക് പൊലീസിന്‍റെ ദുരനുഭവത്തില്‍ കോടതിയില്‍ നിന്ന് കുട്ടിക്കും മാതാപിതാക്കള്‍ക്കും നീതി കിട്ടിയത് ഈ കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. നീതി തേടി ഹൈക്കോടതിയെ സമീപിക്കാൻ തന്നെയാണ് ശ്രീനാഥിന്‍റെ മാതാപിതാക്കളുടെ തീരുമാനം. ജൂലൈ മാസം 22ന് രാത്രിയാണ് ശ്രീനാഥിനെ വീട്ടില്‍ നിന്ന് കല്‍പകഞ്ചേരി പൊലീസ് പിടിച്ചുകൊണ്ടുപോയത്.
പതിനാറുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൈകള്‍ തോര്‍ത്തുപയോഗിച്ച് കെട്ടിയിട്ടാണ് വീട്ടില്‍ വച്ച് പീഡിപ്പിച്ചതെന്ന പെൺകുട്ടിയുടെ മൊഴിപ്രകാരം തോര്‍ത്തുമുണ്ടും കത്തിയും തെളിവായി പൊലീസ് കണ്ടെടുക്കുകയും ചെയ്തു. തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ശ്രീനാഥ് പറഞ്ഞു. 36 ദിവസം മൂന്ന് ജയിലുകളിലായി കിടന്ന ശ്രീനാഥിന് ഡിഎൻഎ ഫലം നെഗറ്റീവായതോടെയാണ് ജാമ്യം കിട്ടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam