
കൊല്ലം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. വീടിന് സമീപം ട്യൂഷന് പോകാനായി നിന്ന കുട്ടിയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ റൂറൽ പൊലീസ് അന്വേഷണം തുടങ്ങി.
പത്തനംതിട്ടയിലെ തട്ടിക്കൊണ്ടു പോകൽ പരാതികൾക്ക് പിന്നാലെയാണ് കൊല്ലത്തും അതേ ദിവസം അതേ രീതിയിൽ കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്ന് പരാതി ഉയർന്നത്. പട്ടാഴി ഇരുപ്പാക്കുഴിയിൽ വീടിന് സമീപം ട്യൂഷന് പോകാനായി നിന്ന ഒന്നാം ക്ലാസുകാരന് അരികിൽ വെള്ള നിറത്തിലുള്ള കാർ വന്നു നിന്നു. കാറിലുണ്ടായിരുന്നവർ കുട്ടിയോട് വാഹനത്തിൽ കയറാൻ പറഞ്ഞു. കുട്ടി കയറിയില്ല. കുട്ടിയെ പതിവായി ട്യൂഷന് കൊണ്ടുപോകുന്ന പ്രദേശവാസിയായ സ്‌ത്രീ സ്‌കൂട്ടറിൽ വന്നതോടെ കാറിലുണ്ടായിരുന്നവർ കടന്നു കളഞ്ഞെന്നാണ് പരാതി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
"വൈകുന്നേരം അഞ്ചുമണിയോടെ ട്യൂഷന് പോകാൻ വേണ്ടി ഒന്നാം ക്ലാസുകാരനായ മകനെ റോഡിലേക്ക് വിട്ടു. മകനൊപ്പം ട്യൂഷൻ പഠിക്കുന്ന അടുത്ത വീട്ടിലെ കുട്ടിയുടെ അമ്മയാണ് ഇരുവരെയും ട്യൂഷൻ സെൻ്ററിൽ വിടുന്നത്. കൂട്ടുകാരൻ്റെ അമ്മ എത്താൻ മൂന്നു മിനിറ്റോളം വൈകിയിരുന്നു. ഇതിനിടെ, ഇരുപ്പാക്കുഴി ജംഗ്ഷനിൽ നിന്ന് ഒരു വെള്ള കാർ എത്തുകയും വാഹനം നിർത്തി മകനോട് കയറാൻ ആവശ്യപ്പെടുകയും ചെയ്തു. കാറിൻ്റെ മുന്നിൽ ഒരു സ്ത്രീയും പുരുഷനും പിറകിൽ മുടിവളർത്തിയ ഒരാളും മറ്റൊരാളുമുണ്ടായിരുന്നു"- കുട്ടിയുടെ ബന്ധു പറഞ്ഞു.
ഒരു സ്‌ത്രീ ഉൾപ്പടെ നാലുപേർ കാറിൽ ഉണ്ടായിരുന്നെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. മൊഴികളുടെ അടിസ്ഥാനത്തിൽ റൂറൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് അന്വേഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam