തൃശൂരിൽ 14 വയസുകാരനെ സ്കൂൾ പരിസരത്ത് വെച്ച് ലൈംഗിക ഉദ്ദേശത്തോടെ ശല്യം ചെയ്ത കേസിൽ 60 വയസുകാരനായ വെങ്കിടങ്ങ് സ്വദേശി അനിൽ കുമാറിന് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

തൃശൂര്‍: പതിനാലു വയസുകാരനെ പഠിക്കുന്ന സ്‌കൂളിന്‍റെ പരിസരത്തു വച്ചു ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ പ്രതിയായ 60 വയസുകാരന് രണ്ട് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആര്‍ സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. വെങ്കിടങ്ങു കരുവന്തല നാരായണപറമ്പത്തു വീട്ടില്‍ അനില്‍ കുമാറിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം. വാടാനപ്പിള്ളി പൊലീസ് സിപിഒ സൗമ്യക്ക് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ സി കെ ആദ്യാന്വേഷണം നടത്തിയ കേസില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിനീത് വി തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ സിജു മുട്ടത്ത്,അഡ്വ നിഷ സി എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ എഎസ്‌ഐ സിന്ധു എംആര്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിക്കെതിരെ മറ്റൊരു കുട്ടിയെ ലൈംഗിക പീഡനം നടത്തിയ കേസിലെ വിചാരണ ചാവക്കാട് പോക്‌സോ കോടതിയില്‍ പൂര്‍ത്തിയായിട്ടുള്ളതും, മറ്റു മൂന്നു കുട്ടികളെ ലൈംഗിക പീഡനം നടത്തിയ കേസ് കുന്നംകുളം കോടതില്‍ നിലവിലുള്ളതുമാണ്.