അടുത്ത ഉല്‍സവം കാണിക്കില്ലെന്ന് ഭീഷണി; പിന്നാലെ മകന്‍റെ തിരോധാനം; 5 വര്‍ഷമായി കണ്ണീര്‍ തോരാതെ ഈ കുടുംബം

By Web TeamFirst Published Nov 27, 2021, 7:42 PM IST
Highlights

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. കൃത്യമായി പറഞ്ഞാൽ അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞിട്ടും പോലീസിന് നിഥിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ചെങ്ങന്നൂർ: ഐടിഐ വിദ്യാർഥിയെ കാണാതായിട്ട് അഞ്ചര വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. മനം നൊന്ത് മകനെ കാത്തിരിക്കുകയാണ് ഈ  കുടുംബം. ചെങ്ങന്നൂർ ഗവ. ഐടിഐ വിദ്യാർഥിയും ചെങ്ങന്നൂർ മുളക്കുഴ അരീക്കര പുത്തൻപറമ്പിൽ പി. എം രവി-സുജാത ദമ്പതികളുടെ രണ്ടാമത്തെ മകനുമായ നിഥിനെ(18) ആണ് കാണാതായത്. ഇത് സംബന്ധിച്ച് ക്രൈം നമ്പർ 866/2016 പ്രകാരം ചെങ്ങന്നൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. കൃത്യമായി പറഞ്ഞാൽ അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞിട്ടും പോലീസിന് നിഥിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 2016 ഏപ്രിൽ 8ന് രാവിലെ 7 മണിയോടെ വീട്ടിൽ നിന്നും ചെങ്ങന്നൂർ ഗവ. ഐടിഐയിൽ പഠിക്കാനായി പോയ നിഥിൻ പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. മുളക്കുഴ പറയരുകാലാ ക്ഷേത്രത്തിൽ നടക്കുന്ന കെട്ടുകാഴ്ച കാണുന്നതിനായി ഐടിഐയിൽ നിന്നും നേരെ മുളക്കുഴയിലെ കുടുംബ വീട്ടിലേക്കാണ് പോയതെന്നതാണ് വീട്ടുകാരുടെ അറിവ്. ഐടിഐ യൂണിഫോമിൽ തന്നെയാണ് പോയത്. ക്ഷേത്രത്തിലെ ഉൽസവം കഴിഞ്ഞ് രാത്രി 11 മണിയോടെ നിഥിനെ കൂട്ടുകാർ ബൈക്കിൽ കുടുംബ വീടിന്റെ സമീപത്തായി കൊണ്ടു വിട്ടതായി പറയുന്നുണ്ട്. എന്നാൽ നിഥിന്‍ കുടുംബ വീട്ടിൽ ചെന്നിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലും കണ്ടെത്താൻ കഴിയാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്.  പൊലീസ് കേസില്‍ അന്വേഷണവും ആരംഭിച്ചു. 

എന്നാല്‍ നിഥിനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു. അന്ന് രാത്രി 8 മണിയോടെ വീട്ടിലേക്ക് ഒരാൾ ഫോണിൽ വിളിച്ച് നിഥിൻ ആലുവായിലുണ്ടെന്ന് അറിയിച്ചു. വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അന്വേഷിച്ച് പോയെങ്കിലും ഫേസ്ബുക്കിൽ നിന്നും കണ്ട നമ്പരിൽ വ്യാജമായി ആരോ അറിയിച്ചതാണെന്ന് പോലീസ് വിശദമാക്കുകയായിരുന്നു. പിന്നീട് ഒരു ദിവസം പുലർച്ചെ നിഥിനെ കോട്ടയം നാഗമ്പടത്ത് കണ്ടെത്തിയെന്നും ഷാഡോ പൊലീസ് പിടിച്ചുവെന്നും പെട്ടെന്ന് വരണമെന്നും ഫോണിലൂടെ വീട്ടിൽ വിളിച്ച് അറിയിച്ചു. പതിനായിരം രൂപ തന്നാൽ മകനെ വിട്ടുനൽകാമെന്നും അറിയിച്ചിരുന്നു. ഈ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് കോട്ടയത്ത് ചെന്നെങ്കിലും വിളിച്ചു പറഞ്ഞ പ്രകാരം ആളിനെ കണ്ടെത്താൻ കഴിഞ്ഞില്ല. 

കാണാതാകുന്നതിന് രണ്ടു മാസം മുൻപ് നിഥിന്റെ പിതാവ് രവിയുമായി മുളക്കുഴയിലുള്ള മഹേഷ് എന്ന യുവാവ് കൂലിതർക്കമുണ്ടാവുകയും രവിയെ കൈയ്യേറ്റം നടത്തിയതായും കുടുംബം പറയുന്നു. ഇതിനു ശേഷം കണ്ണുവേലിക്കാവ് ക്ഷേത്രത്തിൽ വച്ച് ഈ യുവാവ് നിഥിനുമായി ബഹളമുണ്ടായെന്നും ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന തങ്ങളോട് 'അടുത്ത ഉൽസവം നിന്റെ മോനെ കണികാണിക്കത്തില്ല' എന്നു യുവാവ് പറഞ്ഞതായും നിഥിന്റെ അമ്മ സുജാത പറയുന്നു. കൂടാതെ ചെങ്ങന്നൂർ കുന്നത്തുമലയിലുള്ള രണ്ട് സ്ത്രീകളിൽ നിന്നും 10 രൂപ പലിശയ്ക്കും 5 രൂപ പലിശയ്ക്കും പണം വാങ്ങിയിരുന്നു. എന്നാൽ രവി കെട്ടിടത്തിനു മുകളിൽ നിന്നും വീണതിനെ തുടർന്ന് പലിശ കൊടുക്കാൻ കഴിയാതെ വന്നതോടെ വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയതായും ഇവർക്കെല്ലാം ഇതിനെ കുറിച്ച് അറിയാമെന്ന് സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നു.  

രണ്ട് മാസം മുൻപ് പൊലീസിൽ വീണ്ടും പരാതി നൽകിയിരുന്നു. എന്നാൽ കേസ് ഇവിടെ നിന്ന് മാറ്റാനാണെന്ന് പറഞ്ഞ് രവിയെ കൊണ്ട്  പൊലീസ് പേപ്പറിൽ ഒപ്പിടിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.  ഇതിനു ശേഷം അന്വേഷണം എന്തായെന്നു പോലും അറിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തി മകനെ കണ്ടെത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇപ്പോൾ ചെങ്ങന്നൂർ ആലാക്കാവിന് സമീപം കൊല്ലൻചിറയിൽ വീട്ടിൽ വാടകയ്ക്കാണ് രവിയും കുടുംബവും താമസിക്കുന്നത്. മൂത്ത മകൻ ജിതിൻ ഇതിനിടെ അപകടത്തിൽ പെട്ട് മരിച്ചു. മകൾ മാത്രമാണ് ഇവർക്കൊപ്പമുള്ളത്. രണ്ട് മക്കളെ നഷ്ടപ്പെട്ട വേദനയിലാണ് ഈ മാതാപിതാക്കൾ. നീതിയുടെ വഴികൾ തുറക്കുന്നതും കാത്തിരിക്കുകയാണ് രവിയും സുജാതയും. 

click me!