
കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയും കവര്‍ന്നു. ടൗണിന് സമീപം താമസിക്കുന്ന ഇ വി ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പൂട്ടിയിട്ട വീട്ടിൽ കഴിഞ്ഞ മാസവും സമാന രീതിയിൽ മോഷണം നടന്നിരുന്നു. എന്നാൽ മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
വീട്ടുടമസ്ഥ ഗീതയും കുടുംബവും 10 ദിവസം മുൻപാണ് ബെംഗളൂരുവിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് വീട് പൂട്ടിപ്പോയത്. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ കാസർകോട് ജോലി ചെയ്യുന്ന മകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തായിരുന്നു മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ 2 അലമാരകൾ കുത്തി തുറന്നു. സാധനങ്ങൾ വലിച്ചുവാരിയിട്ടായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ച നാല് പവൻ സ്വർണവും 32,000 രൂപയുമാണ് മോഷണം പോയത്. പുറകുവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞമാസം 13 നായിരുന്നു സുരഭി നഗറിലെ പൂട്ടിയിട്ട വീട്ടിൽ മോഷണം നടന്നത്. വിട്ടുടമയായ രമേശും ഭാര്യയും ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ തക്കത്തിന് ആയിരുന്നു മോഷണം. രണ്ടിടത്തും ദിവസങ്ങളായി പൂട്ടിയിട്ട വീട്ടിൽ കയറിയുള്ള മോഷണം. 17 പവൻ സ്വർണാഭരണങ്ങളായിരുന്നു കവർന്നത്. വീടിന് പുറക് വശത്തെ ജനൽ ചില്ല് തകർത്ത് കമ്പികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ രണ്ട് വിരലടയാളങ്ങൾ സംശയാസ്പദമായി കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ ഇതുവരെ പിടികൂടിയിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam