Missing : രണ്ടര വർഷം മുമ്പ് കാണാതായ അനില ബാബുവിന്റെ തിരോധാനത്തിൽ അന്വേഷണം വേണമെന്ന് കുടുംബം

By Web TeamFirst Published Dec 8, 2021, 12:56 PM IST
Highlights

ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അനില ബാബു എന്ന യുവതിയെ ഭർതൃവീട്ടിൽ നിന്നു കാണാതായത്. ചെരിപ്പു പോലും ധരിക്കാതെയാണ് അനില വീടുവിട്ടുപോയതെന്ന് ഭർതൃവീട്ടുകാർ അനിലയുടെ വീട്ടുകാരോട‍ു പറഞ്ഞിരുന്നു.
 

ആലപ്പുഴ: രണ്ടരവർഷമായി ദുരൂഹമായി തുടരുന്ന അനില ബാബുവിന്റെ തിരോധാനത്തെക്കുറിച്ച് (Missing) വിശദമായ അന്വേഷണം വേണമെന്ന് കുടുംബം.ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അനില ബാബു (Anila Babu) എന്ന യുവതിയെ ഭർതൃവീട്ടിൽ നിന്നു കാണാതായത്. അനിലയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാനാണ് കുടുംബം കാത്തിരിക്കുന്നത്. 

ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നാണു ഭർതൃവീട്ടുകാരുടെ വിശദീകരണം. മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ കോട്ടയംമുറി തൈത്തറയിൽ ബാബുവിന്റെയും സുധയുടെയും മകളാണ് അനില (27). 2018 ജൂലൈ 11ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി ബിനിൽ ബാഹുലേയനുമായി വിവാഹം കഴിഞ്ഞു. ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ്, 2019 ജൂലൈ 22ന്, അനിലയെ കാണാതായത്.

സംഭവത്തെക്കുറിച്ച് അനിലയുടെ സഹോദരൻ അഖിൽ പറയുന്നു : ‘പുലർച്ചെ 4 മണിക്കാണ് ബിനിലിന്റെ വീട്ടിൽ നിന്നു ഞങ്ങളെ ഫോൺ ചെയ്തത്. പുലർച്ചെ 2 മണിക്ക് അനില വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും എല്ലായിടത്തും അന്വേഷ‍ിക്കുന്നുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. ബിനിലിന്റെ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഒരു തുമ്പും ലഭിച്ചില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനെത്തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ബിനിലിനെ നുണ പരിശോധനയ്ക്കു വിധേയനാക്കി. അനിലയെ കാണാതായ ദിവസം മദ്യപിച്ചു വീട്ടിലെത്തിയ ബിനിലുമായി വഴക്കുണ്ടായെന്നും അതിനെത്തുടർന്ന് അനിലയുടെ ഫോൺ എറിഞ്ഞു തകർത്തുവെന്നും മാത്രമാണ് ആകെ ലഭിച്ച വിവരം‘

അനിലയെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.അനില വീടു വിട്ടിറങ്ങുമ്പോൾ ആഭരണങ്ങളോ വസ്ത്രങ്ങളോ എടുത്തിരുന്നില്ലെന്നു വീട്ടുകാർ പറയുന്നു. ഫോൺ ഡിസ്പ്ലേ തകർന്ന നിലയിൽ ബിനിലിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. ചെരിപ്പു പോലും ധരിക്കാതെയാണ് അനില വീടുവിട്ടുപോയതെന്ന് ഭർതൃവീട്ടുകാർ അനിലയുടെ വീട്ടുകാരോട‍ു പറഞ്ഞിരുന്നു.

അനിലയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്ന‍ും കിട്ടിയില്ല. നേരത്തെ ഒരു തവണ ബിനിലുമായി വഴക്കിട്ട് അനില‍ കുറച്ചു ദിവസം ബന്ധുവ‍ീട്ടിൽ മാറിത്താമസിച്ചെങ്കിലും പ്രശ്നം ഒത്തുതീർപ്പാക്കി വീണ്ടും ബിനിലിന്റെ വീട്ടിലെത്തിയതാണ്. ഭർതൃവീട്ടിൽ നിന്ന് എന്തെങ്കിലും ബുദ്ധ‍ിമുട്ടുണ്ട‍ായതായി അനില ബന്ധുക്കളോടൊന്നും പറഞ്ഞിട്ടുമില്ല. അന‍ിലയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം 

click me!