
കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് അച്ഛനും രണ്ട് മക്കളും അടങ്ങുന്ന നാലംഗ വാഹനമോഷണ സംഘം പിടിയിലായി. കുറ്റിക്കാട്ടൂർ സ്വദേശി തായിഫ്, ഫറോക്ക് സ്വദേശി ഫൈസൽ, മക്കളായ ഷിഹാൽ, ഫാസിൽ എന്നിവരാണ് പിടിയിലായത്. ഇതിൽ രണ്ടു പേർ വാഹന മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം ആണ് വീണ്ടും പിടിയിലാകുന്നത്. ഈ മാസം പതിനാലാം തിയതി പുലർച്ചെ കൊളത്തറ സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിവച്ചിരുന്ന ബൈക്കാണ് സംഘം മോഷ്ടിച്ചത്. ഇതിനു ശേഷം മലപ്പുറത്തും ഫറോക്കിലും ബൈക്ക് സൂക്ഷിച്ചു. പൊലിസ് പിടികൂടാതിരിക്കാൻ ബൈക്കിന്റെ നമ്പർ മാറ്റിയാണ് സംഘം ഉപയോഗിച്ചത്.
സംഘത്തിലെ മൂന്നു പേരാണ് ആദ്യം പിടിയിലായത്. പിന്നീട് പൊലിസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ നാലാമൻ ബൈക്ക് കോഴിക്കോട് നഗരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. അമ്പലത്തിലെ മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് ഈ സംഘം. കോഴിക്കോട് കസബ സ്റ്റേഷനിലെ വാഹന മോഷണക്കേസിൽ തായിഫ് ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ് ഈ ബൈക്ക് കവർച്ച നടത്തിയത്. മലപ്പുറം ജില്ലയിലെ വാഹന മോഷണക്കേസിൽ അടുത്തിടെയാണ് ഷിഹാലിനും ജാമ്യം നേടിത്. നല്ലളം പൊലിസിനൊപ്പം കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായാണ് വാഹനമോഷ്ടാക്കളെ വലയിലാക്കിയത്.
അതേസമയം തിരുവനന്തപുരം നെടുമങ്ങാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിർത്തിയിട്ടിരുന്ന ഹിറ്റാച്ചിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചു കടത്തിയ കേസിൽ ഒരാൾ പിടിയിലായി എന്നതാണ്. വെള്ളറട നൂലിയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഹിറ്റാച്ചിയിൽ നിന്നാണ് മോഷ്ടാക്കൾ ബാറ്ററി ഇളക്കി മാറ്റി കടത്തിയത്. വെള്ളറട കലുങ്ക് നട ശാന്തറ തലയ്ക്കൽ വീട്ടിൽ ജാക്കി എന്ന് വിളിക്കുന്ന അഖിൽ (26) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്.