
മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിൽ സ്വകാര്യബസിൽ എയർപിസ്റ്റൾ ചൂണ്ടി കണ്ടക്ടറെ മർദ്ദിച്ച കേസിൽ അഞ്ചുപേരെ പൊലീസ് പിടികൂടി. അച്ഛനും മൂന്ന് മക്കളും, മക്കളുടെ ഒരു സുഹൃത്തുമാണ് മണ്ണഞ്ചേരി പോലീസിന്‍റെ പിടിയിലായത്. അമ്പനാകുളങ്ങര പുതുവൽവെളി വീട്ടിൽ രാജേഷ്(46), മക്കളായ യാദവ് (20), ദേവനാരായണൻ(18), ഇന്ദ്രജിത്ത്(22),ഇവരുടെ സുഹൃത്ത് അനന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ-മണ്ണഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബട്ടർ ഫ്ലൈ എന്ന ബസിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കണ്ടക്ടറായ പൊന്നാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ അബ്ദുൾ റസാഖിനാണ് മർദ്ദനമേറ്റത്. പ്രതികളിൽ ഒരാളായ രാജേഷ് ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
ടിക്കറ്റ് ചോദിച്ചതിലുള്ള വിരോധത്തില്‍ അമ്പനാകുളങ്ങര ജംഗ്ഷനിൽ വച്ച് ബസ് അച്ഛനും മക്കളും തടഞ്ഞുനിർത്തി എയർപിസ്റ്റൾ ചൂണ്ടി അബ്ദുൾ റസാഖിനെ ഭയപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. അബ്ദുൾ റസാഖിന്റെ സുഹൃത്ത് വിഷ്ണുവിനും മർദ്ദനമേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് പ്രതികളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read More : പ്രണയനൈരാശ്യം: കാമുകന്‍റെ വിവാഹത്തിന് പിന്നാലെ യുവതി കൈ ഞരമ്പ് മുറിച്ച് പുഴയില്‍ ചാടി ജീവനൊടുക്കി
അതേസമയം തിരുനെല്ലിയിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത സംഭവത്തിൽ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം 3 പ്രതികൾ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മൻസൂർ, മലപ്പുറം സ്വദേശി ഷഫീർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 4 പ്രതികളെ കർണാടക മാണ്ഡ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.
ഒക്ടോബർ 5 ന് പുലർച്ചെയാണ് 7 അംഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്‍റെ കൈയില്‍ നിന്നും ഒന്നരക്കോടി രൂപ കവർച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. ഇന്നോവയിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ് തിരൂർ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഒരു കോടി നാലപ്പത് ലക്ഷം രൂപ കവര്‍ന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam