കോഴിക്കോട് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ, സമരക്കാരെ തടയാനായി പൊലീസ് റോഡിലിട്ട വടത്തിൽ തട്ടി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. പൊലീസിന്റെ അശ്രദ്ധയിലും സുരക്ഷാ വീഴ്ചയിലുമാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു.
കോഴിക്കോട്: സമരക്കാരെ തടയാനെന്ന പേരില്‍ പൊലീസ് അശ്രദ്ധമായി റോഡിലിട്ട വടത്തില്‍ തട്ടി ബൈക്ക് മറിഞ്ഞു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ നോര്‍ത്ത് കാരശ്ശേരിയിലെ ഭാരത് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാനെന്ന പേരിലാണ് പൊലീസുകാര്‍ സമരത്തിന് എത്രയോ നേരത്തേ തന്നെ വടം തയ്യാറാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ വാഹനത്തിരക്കുള്ള റോഡില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് പൊലീസ് പെരുമാറിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. മുക്കം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് യാത്രികന്‍ വടം കണ്ട് പെട്ടെന്ന് വാഹനത്തിന്റെ വേഗത കുറച്ചപ്പോള്‍ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണാണ് ഇയാള്‍ക്ക് പരിക്കേറ്റത്. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.


