
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹിലില്‍ കോര്‍പറേഷന്‍റെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം കത്തി നശിച്ചു. രാവിലെ പത്ത് മണിയോടെയാണ് കേന്ദ്രത്തില്‍ തീപ്പിടുത്തം ഉണ്ടായത്. പരിധിയിലധികം മാലിന്യം കേന്ദ്രത്തില്‍ സംഭരിച്ചിരുന്നതായി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ കോഴിക്കോട് കോര്‍പറേഷന്‍റെ രണ്ടാമത്തെ മാലിന്യ സംസ്കരണ കേന്ദ്രമാണ് കത്തി നശിക്കുന്നത്.
കോഴിക്കോട് ബീച്ചിനോട് ചേര്‍ന്ന് കോര്‍പറേഷന്‍റെ കീഴിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ തീപ്പിടുത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടന്‍ നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. സിഡ്കോയുടെ വ്യവസായ കേന്ദ്രത്തോട് ചേര്‍ന്ന ഭാഗമായതിനാലും പരിസരത്ത് തന്നെ ട്രാന്‍സ്പോര്‍മര്‍ ഉള്‍പ്പെടെ ഉളളതിനാലും നാട്ടുകാരും പൊലീസും വെസ്റ്റ് ഹില്‍ ആര്‍മി ക്യാംപില്‍ നിന്നുളള സൈനികരും തീ അണയ്ക്കാനായി ഓടിയെത്തി. രണ്ട് മണിക്കൂറോളം അധ്വാനിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ഇവിടെ നിന്ന് തരംതിരിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് അയക്കുകയാണ് രീതി. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടെ മാലിന്യം കുമിഞ്ഞ് കൂടിയിരുന്നു.
തീ അണച്ച ശേഷം പ്ലാന്‍റിന് പരിസരത്തേക്ക് തന്നെ മാലിന്യം നീക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇവിടെ അടുത്ത കാലത്ത് തന്നെ തെറുതും വലുതുമായ തീപിടുത്തങ്ങള്‍ പലവട്ടം ഉണ്ടായതായി കേന്ദ്രത്തിന് സമീപത്തെ ശാന്തിനഗര്‍ കോളനി നിവാസികള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ചെറുവണ്ണൂരിലും കോര്‍പറേഷന്‍റെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം കത്തി നശിച്ചിരുന്നു. അവിടെയും മാലിന്യം കുമിഞ്ഞുകൂടിയ ഘട്ടത്തിലായിരുന്നു തീപിടുത്തം. മാലിന്യ നീക്കം കൃത്യമായി നടത്തുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അന്ന് നടത്തിയ പ്രഖ്യാപനം പാഴ്വാക്കായെന്നതിന്‍റെ തെളിവായി വെസ്റ്റ് ഹിലിലെ ഇന്നത്തെ കാഴ്ചകള്‍.
കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam