
കോഴിക്കോട്: സൗദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി റണോള്‍ഡ് കിരണ്‍ കുന്തറി(33)ന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് മാതാപിതാക്കളായ ഫെഡറിക് പ്രേംകുമാര്‍, എഡ്വിന വിമല എന്നിവരുടെ ആരോപണം. മകന്റേത് കൊലപാതകമാണെന്നും സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം വഴി സമ്മര്‍ദ്ദം ചെലുത്തണമെന്നും വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രില്‍ 10നാണ് സൗദിയിലായിരുന്ന കിരണ്‍ മരിച്ചുവെന്ന് മാതാപിതാക്കള്‍ക്ക് വിവരം ലഭിക്കുന്നത്. ആദ്യം ഹൃദയാഘാതം മൂലമാണെന്ന് അറിയിച്ച സുഹൃത്ത് പിന്നീട് കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും തൂങ്ങി നില്‍ക്കുകയായിരുന്നുവെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് ദമാമിലുള്ള ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും മൃതദേഹം കാണാന്‍ കഴിഞ്ഞില്ല. അതേസമയം ശുചിമുറിയിലേക്ക് പോകുമ്പോള്‍ തലയടിച്ച് വീണതാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
മകന്റെ മരണത്തില്‍ ശരിയായ രീതിയിലുള്ള അന്വേഷണമാണോ നടന്നതെന്ന് സംശയിക്കുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു. കിരണിനെ സ്‌പോണ്‍സറും ഭാര്യയും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കുടുംബ ആരോപിക്കുന്നുണ്ട്. ഏപ്രില്‍ പത്താം തിയ്യതി മകന്റെ മിസ്ഡ് കോള്‍ കണ്ട് തിരിച്ചു വിളിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. മകന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പിലേത് കിരണിന്റെ കൈയ്യക്ഷരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam