കരാര്‍ നിയമനത്തിന് കോഴ, അശ്ലീല സംസാരം; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published : Oct 20, 2022, 11:32 AM IST
കരാര്‍ നിയമനത്തിന് കോഴ, അശ്ലീല സംസാരം; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Synopsis

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വെള്ളമുണ്ട സ്വദേശിയായ യുവതി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 


കല്‍പ്പറ്റ: യുവതിയോടോ കോഴ ആവശ്യപ്പെടുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ ഫിഷറീസ് വകുപ്പ് സസ്പെന്‍റ് ചെയ്തു. ഫിഷറീസ് വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥിയായ യുവതിയോട് കോഴ ആവശ്യപ്പെടുകയും അപമര്യാദയോടെ സംസാരിക്കുകയും ചെയ്തെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സംഭവത്തിലാണ് ആരോപണ വിധേയനായ ഫിഷറീസ് ഓഫീസര്‍ സുജിത് കുമാറിനെ സസ്‌പെന്‍റ് ചെയ്തത്. മന്ത്രി വി.അബ്ദുറഹിമാന്‍റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് ഡയറക്ടറാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.

കാരാപ്പുഴയിലെ ഫിഷറീസ് ഓഫീസര്‍ സുജിത് കുമാറിനെതിരെയാണ് നടപടി. സംഭവത്തെ കുറിച്ച്  മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡയറക്ടറോട് മന്ത്രി നിര്‍ദ്ദേശിച്ചു. യുവതിയുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു. അപമാനിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജോലി നിഷേധിക്കപ്പെട്ടതില്‍ മനംനൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വെള്ളമുണ്ട സ്വദേശിയായ യുവതി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കാരാപ്പുഴ മത്സ്യഭവനില്‍ അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററായി 20 മാസം യുവതി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. ഈ തസ്തികയില്‍ വീണ്ടും കരാര്‍ നിയമനത്തിനുള്ള പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ജോലി ലഭിക്കാത്തിന് കാരണക്കാര്‍ വയനാട് ഫിഷറീസ് മുന്‍ ഓഫീസര്‍ സുജിത്ത് കുമാറും അസി. ഡയറക്ടര്‍ ആഷിഖ് ബാബുവുമാണെന്നാണ് യുവതിയുടെയും ഭര്‍ത്താവിന്‍റെയും ആരോപണം.

ഫിഷറീസ് ഓഫീസറായിരുന്ന സുജിത്ത് കുമാറിന്‍റെ പേരില്‍ നല്‍കിയ പരാതിയാണ് ജോലി നിഷേധിക്കാന്‍ കാരണമെന്ന് ഇരുവരും ആരോപിച്ചിരുന്നു. രാത്രി 10.30 ന് ഫോണില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചതിന് സുജിത്ത് കുമാറിനെതിരേ മാനന്തവാടി പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. അടുത്ത താത്കാലിക നിയമനത്തില്‍ പരിഗണിക്കണമെങ്കില്‍ പരാതി പിന്‍വലിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. ഇതിന് തയ്യാറാവാത്തതിനാല്‍ അഭിമുഖത്തില്‍ തന്നെ തഴഞ്ഞെന്നാണ് യുവതിയുടെ പരാതി. ആദ്യ പട്ടികയില്‍ മൂന്നാമതായി യുവതിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ജോലി ലഭിക്കുമെന്ന് ഉറപ്പായതോടെ ആദ്യപട്ടിക അട്ടിമറിച്ച് മറ്റൊന്ന് പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. രണ്ടാമത്തെ പട്ടികയില്‍ നിന്നും മനഃപൂര്‍വം പേരൊഴിവാക്കിയതായും യുവതിയും ഭര്‍ത്താവും ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി