
തൃശൂർ: മാളയിൽ മുളകുപൊടിയെറിഞ്ഞ് പട്ടാപ്പകൽ അംഗൻവാടി അധ്യാപികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. അധ്യാപിക മോളി ജോർജിൻ്റെ പരിചയക്കാരിയായ മാള സ്വദേശി അഞ്ജനയും സുഹൃത്തായ 18കാരനുമാണ് പ്രതികൾ. മോളിയുടെ മൂന്ന് പവന്‍റെ മാല ലക്ഷ്യമിട്ട് അഞ്ജന നടത്തിയ ആസൂത്രിത നീക്കമാണ് മോഷണ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് സംഭവം. മാള വൈന്തലയിൽ അംഗൻവാടി അദ്ധ്യാപികയാണ് മോളി ജോർജ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മോളിയെ മൂവർ സംഘം പിന്തുടർന്നു. പിന്നാലെ എത്തിയ ഒരാൾ കണ്ണിൽ മുളകുപൊടി എറിഞ്ഞ്, മറ്റൊരാൾ മാല പൊട്ടിച്ചെടുത്തു. ഉടൻ തന്നെ ഇവർ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ ബൈക്കിനെ കുറിച്ച് സൂചന ലഭിച്ചു. മാള എസ്.ഐയുടെ നേതൃത്വത്തിൽ മാള–ചാലക്കുടി മേഖലകളിൽ അന്വേഷണം ഊർജ്ജിതമാക്കി, മണിക്കൂറുകൾക്കകം പ്രതികളെയും കണ്ടെത്തി.
മാള സ്വദേശിനി 22 കാരി അഞ്ജന, 18 കാരൻ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി എന്നിവരാണ് പ്രതികൾ. മോളി ജോലി ചെയ്യുന്ന അംഗൻവാടിയിലാണ് അഞ്ജനയുടെ കുട്ടിയും പഠിക്കുന്നത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോൾ മോളിയുടെ കഴുത്തിലെ മാല ശ്രദ്ധയിൽപെട്ടതോടെയാണ് മോഷ്ടിച്ച് കൈക്കലാക്കാമെന്ന ബുദ്ധിയുദിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ട് പേരെയും കൃത്യത്തിനായി കൂടെക്കൂട്ടി. മോഷണ ശേഷം മാല ചാലക്കുടിയിലെ ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പ്രതികൾ പൊലീസ് പിടിയിലുമായി. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam