കുട്ടിയുടെ മാറ്റം ആദ്യം ശ്രദ്ധിച്ചത് അധ്യാപകർ, പരിശോധിച്ചപ്പോൾ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളൽ; പുറത്തുവന്നത് അമ്മയുടെ കൊടുംക്രൂരത

Published : Nov 19, 2025, 01:38 AM IST
four year old burned by mother

Synopsis

അമ്മ ഭക്ഷണം തന്നില്ലെന്നും ഉപദ്രവിച്ചെന്നും പറഞ്ഞപ്പോൾ കുട്ടിയെ പരിശോധിച്ചു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു.

കൊച്ചി: എറണാകുളത്ത് നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറയില്‍ താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിനീതയാണ് അറസ്റ്റിലായത്. അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

അധ്യാപകരാണ് കുട്ടിയുടെ മാറ്റം ആദ്യം ശ്രദ്ധിച്ചത്. അമ്മ ഭക്ഷണം തന്നില്ലെന്നും ഉപദ്രവിച്ചെന്നും പറഞ്ഞപ്പോൾ കുട്ടിയെ പരിശോധിച്ചു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് മരട് പൊലീസ് അമ്മയായ വിനീതയെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിന്‍റെ ആദ്യ ഘട്ടത്തിൽ കുറ്റം സമ്മതിക്കാതിരുന്ന വിനീത പിന്നീട് എല്ലാം ഏറ്റുപറഞ്ഞു.

കുട്ടി വിശക്കുന്നുവെന്ന് പറഞ്ഞതിന്‍റെ പേരിൽ ഭർത്താവിന്‍റെ അമ്മയും അച്ഛനും വിനീതയെ വഴക്ക് പറഞ്ഞിരുന്നു. ആവശ്യത്തിന് ഭക്ഷണം നൽകിയിട്ടും കുഞ്ഞ് പരാതി പറഞ്ഞതിന്‍റെ വൈരാഗ്യത്തിലായിരുന്നു ക്രൂരത. വിലക്കിയിട്ടും കുട്ടി അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം പോയി ഇരുന്നതും രാത്രിയിൽ ഉറങ്ങാത്തതിന്‍റെ ദേഷ്യവുമെല്ലാം ഉപദ്രവിക്കാനുള്ള കാരണമായി വിനീത പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. തന്‍റെ അറിവോടെയല്ല പീഡനമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കൂടുതൽ അന്വേഷണത്തിനു ശേഷമാകും ഇയാളെ പ്രതിചേർക്കണോയെന്ന് തീരുമാനിക്കുക.

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്