
മലപ്പുറം: കാല്‍പ്പന്ത് കളി ഒരു വികാരമാണ്... അതിപ്പോ ഇങ്ങ് മലപ്പുറത്തായാലും കടലുകള്‍ കടന്ന് അങ്ങ് ജര്‍മനിയില്‍ എത്തിയാലും അത് അങ്ങനെ തന്നെയാണ്. വിസില്‍ മുഴങ്ങി കഴിഞ്ഞാല്‍ പിരിക്കാനാവാത്ത വിധം ഒരേ മനസോടെ ആര്‍പ്പ് വിളികള്‍ ഉയരും. കഴിഞ്ഞ ദിവസം മലപ്പുറം വളപുരംകാര്‍ ഒന്ന് ഞെട്ടി! അതാ ഒരു വിദേശി തങ്ങളുടെ നാട്ടിലെത്തിയിരിക്കുന്നു. വിദേശിയുടെ വരവിന്‍റെ കാരണമാണ് നാട്ടുകാരെ അമ്പരിപ്പിച്ചത്.
തന്‍റെ സുഹൃത്തിനെ കാണാനാണ് കടല്‍ കടന്ന് ജര്‍മന്‍രകാരനായ വിദേശി എത്തിയത്. ജര്‍മനിയില്‍ നിന്നുള്ള ഗ്രാഫിക് ഡിസൈനര്‍ ഹാങ്ക് മാക്സൈനർ ആണ് തന്‍റെ സോഷ്യൽ മീഡിയ സുഹൃത്ത് വളപുരം കെ പി കുളമ്പ് സ്വദേശി അമീർ അബ്ബാസിനെ കാണാൻ മലപ്പുറത്ത് എത്തിയത്. കെ പി കുളമ്പിൽ പലചരക്ക് കട നടത്തുകയാണ് അമീർ അബ്ബാസ്. ഇരുവരും വലിയ ഫുട്ബോൾ പ്രേമികളാണ്. കാല്‍പ്പന്ത് കളിയോടുള്ള അടങ്ങാത്ത ആവേശമാണ് ഇരുവരെയും സൗഹൃദത്തിന് പിന്നിലും.
കഴിഞ്ഞ ലോകകപ്പിനിടെ ഒരു ഫുട്ബോൾ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. ബ്രസീൽ ആരാധകനായ അമീർ അബ്ബാസിനോട് ഇറ്റാലിയന്‍ ടീമിനെ നെഞ്ചോട് ചേര്‍ത്ത ഹാങ്ക് ഫുട്ബോൾ മത്സരങ്ങളെക്കുറിച്ച് നിരന്തരം സംവാദം നടത്താറുണ്ടായിരുന്നു. അങ്ങനെ ആ സൗഹൃദം ശക്തമായി. കേരളം സന്ദർശിക്കാൻ പലപ്പോഴും ഹാങ്കിനെ അമീർ ക്ഷണിക്കാറുമുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയെന്ന് പറഞ്ഞ് ഹാങ്ക് വിളിച്ചപ്പോൾ അമീറിന് ആദ്യം വിശ്വാസമായില്ല. ഒടുവിൽ നേരിൽ കണ്ടപ്പോഴാണ് അമ്പരപ്പ് മാറിയത്. മുൻപ് മൂന്ന് തവണ ഹാങ്ക് ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും കേരളത്തിൽ എത്തുന്നത് ആദ്യമാണ്. അമീറിനും സുഹൃത്തുക്കൾക്കുമൊപ്പം നാട് ചുറ്റിക്കണ്ട ശേഷമാണ് ഹാങ്ക് മടങ്ങിയത്. അമീറിനെ അദ്ദേഹം ജർമനിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam