പുതിയ ക്രമീകരണത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം അനുസരിച്ചു  പ്രവര്‍ത്തന സമയം കൂടുതല്‍ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.  വ്യായാമത്തിന് വേണ്ടി എത്തുന്നവര്‍ക്കാണ് രാത്രിയില്‍ പ്രവേശനം അനുവദിക്കുന്നത്.

തിരുവനന്തപുരം: തലസ്ഥാന നഗര ഹൃദയത്തില്‍ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഭാഗമായുള്ള സ്വിമ്മിങ് പൂളില്‍ രാത്രിയിലും നീന്തിത്തുടിക്കാനുള്ള അവസരമൊരുങ്ങുന്നു. രാവിലെ ആറു മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍ 7.15വരെയുമാണ് പൂളിന്റെ പ്രവര്‍ത്തന സമയം. രാത്രിയില്‍ നീന്താന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ രാത്രി ഒന്‍പത് മണിവരെ പ്രവര്‍ത്തന സമയം നീട്ടുകയാണ്. 

പുതിയ ക്രമീകരണത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം അനുസരിച്ചു പ്രവര്‍ത്തന സമയം കൂടുതല്‍ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. വ്യായാമത്തിന് വേണ്ടി എത്തുന്നവര്‍ക്കാണ് രാത്രിയില്‍ പ്രവേശനം അനുവദിക്കുന്നത്. നിലവില്‍ വൈകീട്ട് 6.15വരെയാണ് പരിശീലനത്തിന് സൗകര്യമുള്ളത്. അച്ഛനും അമ്മയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന് ഒരു മാസം 3500 രൂപക്ക് നീന്തല്‍ പരിശീലിക്കാനുള്ള ഫാമിലി പാക്കേജാണ് പൂളിലെ ഏറ്റവും പ്രധാന ആകര്‍ഷണം. 

'ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍, ആരൊരാളെന്‍ മാര്‍ഗം മുടക്കുവാന്‍'; പ്രഗ്‌നാനന്ദ ഒറ്റപ്പെട്ട സംഭവമല്ല

അഞ്ചു മാസത്തെ ഫാമിലി പാക്കേജിന് 15000 രൂപയാണ് നിരക്ക്. മുതിര്‍ന്നവര്‍ക്ക് ഒരു മണിക്കൂര്‍ പൂള്‍ ഉപയോഗിക്കുന്നതിന് 140 രൂപയാണ് ഇടാക്കുന്നത്. ഈ പാക്കേജിന് ഒരു മാസത്തേക്ക് 1750 രൂപയും അഞ്ചു മാസത്തേക്ക് 7500 രൂപയുമാണ് നിരക്ക്. 16 വയസില്‍ താഴെയുള്ള കുട്ടികളും മുതിര്‍ന്ന പൗരന്മാരും മണിക്കൂറിന് 110 രൂപ നല്‍കിയാല്‍ മതിയാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്. 

പൂളിലെ വെള്ളം 24 മണിക്കൂറും തുടര്‍ച്ചയായി ഫില്‍ട്ടര്‍ ചെയ്യുന്നതിനും വെള്ളത്തിന്റെ പിഎച്ച് മൂല്യം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. അവധി ദിവസമായ തിങ്കളാഴ്ച പൂളും പരിസരവും ശുചീകരിക്കാനുള്ള സംവിധാനവുമുണ്ട്. വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ശുചിമുറികളും പൂളിനോടു ചേര്‍ന്നു തന്നെ സജ്ജമാക്കിയിട്ടുണ്ട്. 

ഫുട്ബോള്‍ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പത്രിക നല്‍കി ബൈച്ചുങ് ബൂട്ടിയ

ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് കോംപ്ലക്സിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഞായറാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനം ആയിട്ടുണ്ട്. സ്റ്റേഡിയത്തിലെ ബാഡ്മിന്റന്‍ കോര്‍ട്ടില്‍ ഇനി മുതല്‍ ഞായറാഴ്ചകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.