
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വനംജീവനക്കാർക്ക് പരുക്ക്. നെയ്യാര്‍ വന്യജീവി സങ്കേത്തിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് രാജേന്ദ്രന്‍ കാണിക്കും താല്‍ക്കാലിക ജീവനക്കാരനായ ഷൈജു സതീശനുമാണ് പരിക്കേറ്റത്. കാപ്പുകാട് സെക്ഷനില്‍ ഡ്യൂട്ടിക്കിടെ രാത്രി ഭക്ഷണം കഴിക്കുന്നതിനായി പോകുന്നതിനിടയിലാണ് ഇന്നലെ ഇവരെ കാട്ടുപന്നി ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിയുടെ ആക്രമണത്തില്‍ കൈയ്ക്കും കാലിനും തോളെല്ലിനും, വയറിനും ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പന്നിയുടെ ആക്രമണത്തിൽ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. പരുത്തിപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേന്ദ്രന്‍ കാണിയും നെയ്യാര്‍ ഡാം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജു സതീശനും ചികിത്സയിൽ തുടരുകയാണ്. മുന്‍പ് ഇതേ റേഞ്ചിലെ താല്‍ക്കാലിക ജീവനക്കാരായ അനീഷ്, അഭിലാഷ് 'ഉദയംകാണി, വിനു എന്നിവര്‍ക്ക് കാട്ടാന ആക്രമണത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.