
ഇടുക്കി. രാമക്കല്‍മേട്ടില്‍ (Ramakkalmedu ) വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ (DTPC) ജീവനക്കാരന് മര്‍ദ്ദനം. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഡി.ടി.പി.സി.നല്‍കിയ പരാതിയില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. പുളിയന്‍മല പ്ലാപ്പള്ളില്‍ തങ്കച്ചന്‍ തോമസ് , സജു തോമസ് , ആനകുത്തി കുന്നേല്‍ മനോജ് മോഹന്‍ദാസ്, പുളിയന്‍മല തോട്ടുകരയില്‍ സന്തോഷ് തങ്കപ്പന്‍ എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് (Police) അറസ്റ്റ് ചെയ്തത്.
പ്രതികള്‍ മദ്യലഹരിയിലാണ് ഡി.ടി.പി.സി.ജീവനക്കാരനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. രാമക്കല്‍മെട്ടിലെ കുറവന്‍കുറത്തി മലയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രതികളോട് ഡി.ടി.പി.സി.ജീവനക്കാരന്‍ ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ടിക്കറ്റെടുക്കാന്‍ തയാറാകാതിരുന്ന പ്രതികള്‍ ജീവനക്കാരനെ അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പും സമാന സംഭവം
കഴിഞ്ഞ ഒക്ടോബര്‍ 31നും രാമക്കല്‍മെട്ടില്‍ വിനോദസഞ്ചാരികളും ഡി.ടി.പി.സി.ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അന്നും സംഘര്‍ഷത്തില്‍ കലാശിച്ചത്. വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ഡി.ടി.പി.സി. ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ഡിടിപിസി ജീവനക്കാർ ആരോപിച്ചു. പാലായിൽനിന്നെത്തിയ വിനോദസഞ്ചാര സംഘമാണ് പ്രശ്നമുണ്ടാക്കിയത്. സംഘത്തിലുള്ളവർ മദ്യപിച്ചിരുന്നതായി അന്ന് പരാതി ഉയര്‍ന്നിരുന്നു.
അന്ന് ഡി.ടി.പി.സി. അധികൃതർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നെടുങ്കണ്ടം സി.ഐ.യും സംഘവും വിനോദസഞ്ചാരികളെ കസ്റ്റഡിയിലെടുത്തു. ഡി.ടി.പി.സി. കണ്ടറിൽനിന്ന് ഏഴ് പേർക്ക് ടിക്കറ്റ് എടുക്കുകയും പിന്നീട് ഈ ടിക്കറ്റ് വേണ്ടെന്ന് പറയുകയുമായിരുന്നു. ഇതിനിടെ ജീവനക്കാർ ടിക്കറ്റിന്റെ പ്രിന്‍റ് ചെയ്യുകയും ചെയ്തതാണ് രണ്ടാഴ്ച മുന്‍പുള്ള സംഘര്‍ഷത്തിന് കാരണമായത്.
സ്റ്റേഷനിലെത്തിച്ച സഞ്ചാരികളെ പിന്നീട് താക്കീത് നൽകി വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് സഞ്ചാരികളെത്തിയ വാഹനത്തിന്റെ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam