ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നാല് പതിറ്റാണ്ടിന്റെ സ്‍നേഹ സംഗമം ജൂലൈ 9ന്

By Web TeamFirst Published Jul 7, 2022, 12:45 AM IST
Highlights

1980 മുതൽ 2021 വരെയുള്ള കാലയളവിൽ  ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളാണ് കോളേജ് ക്യാമ്പസിൽ വീണ്ടും ഒത്തുചേരുന്നത്.

ചെങ്ങന്നൂര്‍: നാലു ദശകങ്ങളുടെ പഠന കാലഘട്ടത്തിന്റെ ഓർമ്മക്കായി 1980 മുതൽ 2021 വരെയുള്ള കാലയളവിൽ  പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളെ കോർത്തിണക്കി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ എക്കണോമിക്സ് 22 (EconomiX’22) എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. കോളേജിൽ ഇക്കണോമിക്സ് വിഭാഗം തുടങ്ങിയ വർഷം മുതൽ 2021 വരെ പഠിച്ചവരാണ് കുടുംബസമേതം സംഗമിക്കുന്നത്. 

സാധാരണ പല വർഷങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾ ഒത്തുകൂടാറുണ്ടെങ്കിലും ധനതത്വ ശാസ്ത്രമോ മറ്റേതെങ്കിലും വിഷയമോ ഐശ്ചിക വിഷയമായി പഠിച്ച മുഴുവൻ വിദ്യാർത്ഥികളും ഇതിനു മുൻപ് കൂടിയതായി റിപ്പോർട്ടില്ല. അതുകൊണ്ടുതന്നെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് ജൂലൈ 9 ചരിത്ര നിമിഷമാണ് അലുമ്‌നി ഭാരവാഹികൾ പറഞ്ഞു.

Read also: മൂന്നാറിൽ കാറ്റും മഴയും തുടരുന്നു, മണ്ണിടിഞ്ഞ് വീണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം

ജൂലൈ 9ന്  രാവിലെ 9 :30  മുതൽ വൈകുന്നേരം 3:30 വരെ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ചടങ്ങിന്റെ ഔദ്യോഗിക  ഉദ്‌ഘാടനം രാവിലെ 10:30ന് സജി ചെറിയാൻ എം.എല്‍.എ നിർവ്വഹിക്കും. ചടങ്ങിൽ പത്തനംതിട്ട ജില്ലാ കളക്ടർ  ഡോ. ദിവ്യ എസ്‌. അയ്യർ മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 

കഴിഞ്ഞ കാലത്തെ ഒരു കോളേജ് ദിനം അക്ഷരാർത്ഥത്തിൽ പുനഃരാവിഷ്കരിക്കുവാനുള്ള ശ്രമങ്ങൾ ഇക്കണോമിക്സ് അലുമ്‌നി ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.  കോളേജിൽ നിന്നും യാത്ര പറഞ്ഞിട്ട് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയവർ മുതൽ കേവലം ഒരു വർഷം  പിന്നിട്ടവർ വരെ സംഗമത്തിന്റെ ഭാഗമാകും.  കൂടാതെ മുൻ അധ്യാപകരും പ്രിസിപ്പൽമാരും ജീവനക്കാരും പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  ജോലിചെയ്യുന്ന കോളേജിലെ പൂർവ വിദ്യാർത്ഥികൾ കുടുംബസമേതമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 

Read also: ബസിലിരുന്ന് കുട്ടികളെ പോലെ വഴക്ക് കൂടുന്ന 'സീനിയര്‍ സിറ്റിസണ്‍സ്'; രസകരമായ വീഡിയോ

പ്രായത്തിന്റെ മധുരപതിനെട്ടിൽ ശലഭങ്ങളെപോലെ കലാലയത്തിൽ പറന്ന് നടന്നവർ മക്കളും കൊച്ചുമക്കളുമായി അതെ കലാലയത്തിൽ പാട്ടും കളിയും ചിരിയുമായി വീണ്ടും  ഒത്തുകൂടുകയാണ്. പൂർവ്വ വിദ്യാർത്ഥികൾക്ക് പഴയ കലാലയ വിദ്യാർത്ഥികളായി ഒരിക്കൽക്കൂടി ക്യാമ്പസിൽ എത്തിച്ചേരുന്നതിന് പരിപാടി ദിവസം രാവിലെ 9നു ചെങ്ങന്നൂരിൽ നിന്നും രണ്ടു കെ.എസ്.ആർ.ടി.സി ബസുകൾ "സ്റ്റുഡന്റസ് ഒൺലി" ബസായി കോളേജിലേക്ക് സർവീസ് നടത്താനും സംഘാടകർ ഏർപ്പാട് ചെയ്തിട്ടുണ്ട്. 

പരിപാടിയുടെ വിജയത്തിനായി കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൻ ബേബി രക്ഷാധികാരിയും ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജിഷ ജോൺ ചെയർപേഴ്സണും അനിൽ കുറിച്ചിമുട്ടം ജനറൽ കൺവീനറുമായ 43 അംഗ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. ഷാജി ജോൺ പട്ടംന്താനം, റെജി കെ.ഏബ്രഹാം, ഗിരീഷ് ബുധനൂർ, അഡ്വ. എ. സി. ഈപ്പൻ, ബി. സുദീപ്, ഷീല സാമുവേൽ എന്നിവരാണ് വിവിധ കമ്മിറ്റികളുടെ കൺവീനർമാർ. 

ഇക്കണോമിക്സ് പൂർവ വിദ്യാർത്ഥി സംഗമം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിനമായി മാറാൻ ക്രിസ്ത്യൻ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ പഠിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും EconomiX’22 ന്റെ ഭാഗമാകണമെന്ന് ഇക്കണോമിക്‌സ് അലുമ്‌നി ഭാരവാഹികൾ വാർത്താകുറിപ്പിൽ അഭ്യർത്ഥിച്ചു.

click me!