Asianet News MalayalamAsianet News Malayalam

മൂന്നാറിൽ കാറ്റും മഴയും തുടരുന്നു, മണ്ണിടിഞ്ഞ് വീണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം

മൂന്നാർ കോളനി എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകൾ എന്നിവിടങ്ങളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്...

Heavy Rain in Munnar, landslides disrupt traffic on Kochi-Dhanushkodi highway
Author
Munnar, First Published Jul 6, 2022, 9:56 AM IST

ഇടുക്കി: മൂന്നാറിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രിയോടെ ഇടിഞ്ഞ മണ്ണ് ഇതുവരെ മാറ്റാൻ അധികൃതർ തയ്യറാകാതെ വന്നതോടെ ദേവികുളം താലൂക്ക് ഓഫീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരടക്കം വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. മൂന്നാർ കോളനി എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകൾ എന്നിവിടങ്ങളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. 

രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും മണിക്കൂറുകൾ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. മഴ ശക്തമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രൂൾ റൂം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ദേശിയ പാതയിൽ മണ്ണിടിഞ്ഞതിനാൽ എന്തെങ്കിലും അസംഭാവിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്ക് മൂന്നാറിലെത്തിപ്പെടാൻ കഴിയുകയില്ല. അടിയന്തരഘട്ടത്തിൽ യന്ത്രങ്ങൾ ലഭിക്കാത്തതാണ് പ്രശ്നം.

കാലവര്‍ഷ കെടുതിയില്‍ ഇടുക്കിയില്‍ രണ്ട് ദിവസങ്ങളിലായി മരിച്ചത് അഞ്ച് പേര്‍

 

ഇടുക്കി : കനത്ത കാറ്റിലും മഴയിലും മരം വീണ് മൂന്ന് പേര്‍ മരിച്ചു. ഏലത്തോട്ടങ്ങളില്‍ പണി ചെയ്യുന്നതിനിടയിലാണ് മൂന്ന് സ്ഥലങ്ങളിലായി കടപുഴകി വീണ മരത്തിന്റെ അടിയില്‍പെട്ട് മൂന്ന് പേര്‍ ദാരുണമായി മരിച്ചത്. സംസ്ഥാന പാതയില്‍ വിവിധയിടങ്ങളില്‍ മരം വീണ് ഗതാഗത തടസ്സത്തിന് കാരണമായി. പൂപ്പാറ തോണ്ടിമല സ്വദേശി ലക്ഷമി പാണ്ടി (62), നെടുങ്കണ്ടം പൊന്നാംകാണയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളി സോമു ലക്കറ (60), ഉടുമ്പന്‍ചോല മൈലാടുംപാറ മുത്തുലക്ഷമി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിയതോടെയാണ് അപകടം ഉണ്ടായത്. 

Read Also: അറബിക്കടലിൽ കാറ്റ് ശക്തം; 5 നാൾ ഇടിമിന്നലോട് കൂടിയ വ്യാപക മഴ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പൂപ്പാറ തോണ്ടിമല സ്വദേശി ലക്ഷ്മി മരത്തിന്റെ അടിയില്‍പെടുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഏഴ് പേരാണ് തോട്ടത്തില്‍ ജോലിയ്ക്കുണ്ടായിരുന്നത്. മൂന്ന് തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേര്‍ ഓടി രക്ഷപെട്ടു. സെല്‍വി, മീന, ദര്‍ശിനി എന്നിവര്‍ പരിക്കുകളോടെ രക്ഷപെടുകയുമായിരുന്നു. ഇവരെ വിദഗ്ധചികിത്സക്കായി തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ അടിയന്തിര സഹായമായി 10,000 രൂപ ലക്ഷമിയുടെ വീട്ടുകാര്‍ക്ക് എത്തിച്ചതായി പൂപ്പാറ വില്ലേജ് ഓഫീസര്‍ അറിയിച്ചു.  

പൊന്നാങ്കാണിയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ മരത്തിന്റെ ശിഖരം ഇറക്കുന്നതിനിടെ മരം വീണാണ് ഝാര്‍ഖണ്ഡ് സ്വദേശി സൊമാ ലക്ര(60) മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ ബജ്ജു കിന്‍ഡോയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയിലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കാരിയായ മുത്തുലക്ഷ്മി(46) ആണ് മരിച്ചത്. 

ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മുത്തുലക്ഷ്മി മരിച്ചിരുന്നു. മൃതദേഹങ്ങള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  പേത്തൊട്ടി, ശാന്തന്‍പാറ, സേനാപതി മേഖലകളില്‍ മരം വീണ്, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ദിവസം ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് എസ്റ്റേറ്റ് തൊഴിലാളി പുഷ്പയും ആനച്ചാല്‍ മുതുവാകുടിയില്‍ മണ്ണിടിഞ്ഞ് വീണ് നിര്‍മ്മണ തൊഴിലാളിയായ കുഴിയാലില്‍ പൗലോസും മരിച്ചിരുന്നു. 

അടിമാലി ദേവിയാര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ 22കാരനെ മൂന്നാം ദിവസവും കണ്ടെത്താനായിട്ടില്ല.  ഉടുമ്പന്‍ചോലയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരചില്ലയിറക്കുവാന്‍ കയറിയ ചിന്നമന്നൂര്‍ സ്വദേശി ചന്നകറുപ്പന്‍ മരത്തില്‍ നിന്ന് വീണ് തിങ്കളാഴ്ച മരിച്ചിരുന്നു.  ജില്ലയിലെ വിവിധ അണകെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേയ്ക്ക് അടുത്തതോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. വരും ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍, ജില്ലയിലെ ചെറുകിട അണക്കെട്ടുകള്‍ തുറക്കേണ്ട സാഹര്യം ഉണ്ടാവും.

Follow Us:
Download App:
  • android
  • ios