
അഴീക്കോട്: രാത്രികാല മിന്നൽ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി അഴീക്കോട് ലൈറ്റ് ഹൗസ്, ചേറ്റുവ അഴിമുഖം എന്നിവിടങ്ങളിൽ നിന്നും തീരത്തോടു ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ സംഘം പിടികൂടി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് ബോട്ടുകൾ പിടികൂടിയത്.
എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറം, മാല്യങ്കര സ്വദേശികളായ അമിത്ത് പ്രകാശ്, എം.പി ജോഷി, നിധീഷ്, എൻപി ജോണി തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള സമൃദ്ധി, ഓറിയോൺ, എയ്ഗർ, കരുണ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം പരസ്യ ലേലം ചെയ്ത് ലഭിച്ച 171,200 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും ആകെ നാല് ബോട്ടുകൾക്കും കൂടി പത്ത് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെപി ഗ്രേസ്സിയുടെയും അഴീക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സി രമേഷിന്റെയും നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, അസിസ്റ്റന്റ് ഫിഷറീസ് എക്‌സ്റ്റെൻഷൻ ഓഫീസർ സംനാ ഗോപൻ, അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എഎസ്ഐ എം.ആർ സജീവൻ, സ്രാങ്ക് ജിൻസൺ, മറൈൻ ഹോം ഗാർഡ് വിബിൻ, റെസ്‌ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ്, നിഖിൽ, പ്രസാദ്, ഫസൽ എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
വരും ദിവസങ്ങളിൽ തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിന്റെ പരിശോധന ശക്തമാക്കുമെന്നും രണ്ടാം തവണ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ബോട്ടുകളെ കരിമ്പട്ടികയിൽ പെടുത്തി ലൈസൻസ് റദ്ദ് ചെയ്യുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam