
പറവൂർ: പറവൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ച മുത്തച്ഛനും ഗുരുതര പരിക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുട്ടിയും മുത്തച്ഛനും. ബൈക്കിൽ സഞ്ചരിക്കവെ അപ്രതീക്ഷിതമായി മരം വീഴുകയായിരുന്നു.
പൊലീസ് ജീപ്പ് മറിഞ്ഞ് പൊലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. നാലു പേർ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കാസർകോട് നീലേശ്വരം ദേശീയപാതയിൽ കരുവാച്ചേരി വളവിൽ ടാങ്കർ ലോറി മറിഞ്ഞു. ഹൈഡ്രോക്ലോറിക് ആസിഡുമായെത്തിയ ടാങ്കർ ലോറിയാണ് മറിഞ്ഞത്.ഇന്ന് രാവിലെ പത്തോടെ ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ആസിഡ് ചോർച്ച തടയാനുള്ള അഗ്നിരക്ഷാ സേനയുടേയും പൊലീസിന്റേയും ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജെസിബി ഉപയോഗിച്ച് ചോർച്ചയുള്ള ഭാഗം മണ്ണിട്ട് മൂടി. കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതം സാധാരണ നിലയിലാണ്.
വടകരയിൽ ശുചിമുറി വഴി ജയിൽ ചാടിയ പ്രതി തിരിച്ചെത്തി
വടകരയിൽ ജയിൽ ചാടിയ പ്രതി വീണ്ടും തിരിച്ചെത്തി. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തൽ വീട്ടിൽ എൻ ഫഹദ് ആണ് വടകര ജയിൽ അധികൃതർക്ക് കീഴടങ്ങിയത്. കാസർഗോട്ടെ ഭാര്യവീട്ടിലും താമരശ്ശേരിയിലും പൊലീസ് റെയിഡ് നടത്തിയിരുന്നു. കഞ്ചാവ് കേസിൽ എക്സൈസിന്റെ പിടിയിലായ പ്രതി ഓഗസ്റ്റ് 10ന് വൈകുനേരം നാല് മണിയോടെ ജയിലിലെ ശുചിമുറിയിൽ നിന്നും വെന്റിലേറ്റർ വഴി പുറത്ത് ചാടി. പഴയ ട്രഷറി കെട്ടിടം വഴി കടന്നുകളഞ്ഞു.
വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ ജയിലിൽ കീഴടങ്ങിയ പ്രതിയെ കൊയിലാണ്ടി എസ് ഐ കെ ടി രഘുവിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നു ജൂണ്‍ ഏഴിന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്‌സ്സൈസ് പിടികൂടിയത്.