
ആലപ്പുഴ: വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. എടത്വ പച്ച പരിച്ചിറ വീട്ടിൽ സുമേഷാണ് (42) അറസ്റ്റിലായത്. ആലപ്പുഴ തിരുവമ്പാടി സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് കളവു പറഞ്ഞാണ് പ്രതി പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും കൈയ്യിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയത്. പരാതിക്കാരിക്ക് കലവൂർ പ്രൈമറി ഹെൽത്ത് സെൻ്ററിൽ സ്റ്റാഫ് നേഴ്സായി ജോലി വാങ്ങി നൽകാമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എംബിബിഎസ്, ബിഎസ്സി നേഴ്സിങ്ങിന് അഡ്മിഷനും നൽകാമെന്നും പറഞ്ഞ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് സുമേഷ് തട്ടിപ്പ് നടത്തിയത്.
ഇതേ തുടർന്ന് പരാതിക്കാരി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐ പി എസ്സിന് പരാതി നൽകി. ആലപ്പുഴ ഡി വൈ എസ് പി ബിജു വി നായരുടെ നിർദ്ദേശാനുസരണം സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ഡി റെജിരാജിൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. സുമേഷിൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചും സാങ്കേതിക തെളിവുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച രാത്രി 10. 30 ന് തിരുവല്ലയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
സുമേഷിനെതിരെ മുൻപും നിയമന തട്ടിപ്പ് നടത്തിയതിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ വി ഡി റെജിരാജിനൊപ്പം പ്രിൻസിപ്പൽ എസ് ഐ രാജീവ് പി ആർ, എസ് ഐ മാരായ മുഹമ്മദ് നിയാസ്, കണ്ണൻ എസ് നായർ, മോഹനകുമാർ, മുജീബ് ആർ, എ എസ് ഐ ജോസഫ് ടി വി, സീനിയർ സി പി ഓ മാരായ ശ്യാം ആർ, ബിജു വി ജി, ജിനൂബ്, അരുൺ ജി എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam