
കൊല്ലം: പുതിയ റോഡിൽ തകരാർ വരുത്തിയവരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പരസ്യമായി ശാസിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് പത്തനാപുരം മണ്ഡലത്തിലുൾപ്പെട്ട പുന്നല -അലിമുക്ക് റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. ഈ പുതുപുത്തൻ റോഡിലിട്ട് വാഹനത്തിലേക്ക് തടികയറ്റുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇതുവഴി കടന്നുപോയ മന്ത്രി ഗണേഷ് കുമാർ വണ്ടി നിർത്തിയത്.
തടി കയറ്റി റോഡിന്‍റെ ചില ഭാഗങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. ഇതോടെ മന്ത്രി ദേഷ്യത്തിലായി. തൊഴിലാളികളോടും അവിടെ നിന്നവർക്കും നേരെ ആക്രോശിച്ചു. ഇത് ദ്രോഹം ആണെന്നും ഇവിടെ നിങ്ങൾ തന്നെയല്ലേ താമസിക്കുന്നതെന്നും ചോദിച്ച മന്ത്രി, റോഡ് പൊളിച്ചത് ശരിയാക്കിയിട്ടേ വിടൂ എന്നും നിലപാടെടുത്തു. ഒരു പിണക്കവും ഇതിൽ വേണ്ടെന്നും പറഞ്ഞു. എഞ്ചിനീയറെ വരുത്തി എത്രയും വേഗം റോഡ് ശരിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകി. അതിനുശേഷമാണ് മന്ത്രി.
പത്തനാപുരം കടശ്ശേരിയിലെ വന്യമൃഗ ശല്യം ചർച്ച ചെയ്യുന്നതിനായുള്ള യോഗത്തിനായി പോയതും. ഇവിടേക്ക് പോകും വഴിയാണ് പുതിയ റോഡിൽ തകരാർ വരുത്തിയത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതായാലും മന്ത്രിയുടെ പ്രവർത്തിയെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഇലക്ഷൻ അടുത്തതോടെയുള്ള ഷോ ആണെന്നാണ് ചിലരുടെ വാദം. കെഎസ്ആർടിസി ബസിനു മുന്നിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് നടുറോഡിൽ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ശാസിച്ച് വൈറൽ ആയതുപോലെയുള്ള വെറും 'ഷോ' ആണെന്നും മറ്റു ചിലർ ആക്ഷേപം ഉയർത്തുന്നു. ഇതിനിടെ ഗതാഗത മന്ത്രിയുടെ വാഹനത്തിന്‍റെ മോഡിഫിക്കേഷൻ ചൂണ്ടിക്കാട്ടിയും ചിലർ വിമർശനം ഉയർത്തുന്നുണ്ട്. മന്ത്രിയുടെ വാഹനത്തിൽ എന്ത് കോപ്രായവും ആകാമോ എന്നുവരെയാണ് ചിലരുടെ ചോദ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam