
കോഴിക്കോട്: കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അതിഥി തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം മരഞ്ചാട്ടി റോഡില്‍ കുമാരനെല്ലൂരിലാണ് അപകടമുണ്ടായത്. ബംഗാള്‍ സ്വദേശികളായ മുഹമ്മദ് നൂറുല്‍ ആലം (42), ബാബു (27), ജമാല്‍ (20), ലുഖ്മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേരും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചക്ക് ശേഷം മൂന്നോടെയാണ് അപകടമുണ്ടായത്. റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരം വീണതിനെ തുടര്‍ന്ന് ഹൈ ടെന്‍ഷന്‍ ലൈനിലും കേടുപാടുകളുണ്ടായി. ഭിന്നശേഷിക്കാരനായ യൂസഫിന്റെ പെട്ടിക്കടയ്ക്ക് തൊട്ടടുത്തായാണ് മരം പതിച്ചത്. സംഭവസ്ഥലത്ത് എത്തിയ മുക്കം അഗ്നിരക്ഷാ സേന, സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാം, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഷുക്കൂര്‍, ഫയര്‍ ഓഫീസര്‍മാരായ സനീഷ് പി ചെറിയാന്‍, വൈ പി ഷറഫുദ്ദീന്‍, സി വിനോദ്, എം കെ അജിന്‍, ഹോം ഗാര്‍ഡായ ചാക്കോ ജോസഫ് തുടങ്ങിയവരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ ചാലക്കുടി പുതുക്കാട് സ്റ്റാന്‌റിന് മുൻപിൽ കെ എസ് ആർ ടി സി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ജീവൻ നഷ്ടമായി എന്നതാണ്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വരാക്കര സ്വദേശി മേച്ചേരിപ്പടി വീട്ടിൽ ആൻസന്‍റെ മകൻ 19 വയസുള്ള ആൻസ്റ്റിൻ ആണ് മരിച്ചത്. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി വെണ്ണാട്ടുപറമ്പിൽ വീട്ടിൽ 19 വയസുള്ള അലനാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അലൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്. ചാലക്കുടിയിൽ നിന്ന് മുളങ്കുന്നത്തുകാവിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് സ്റ്റാന്‍റിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആമ്പല്ലൂരിൽ നിന്ന് വരികയായിരുന്ന ബൈക്ക്, കെ എസ് ആർ ടി സി ബസിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻസ്റ്റിന്‍റെ ജീവൻ രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ ബസുകൾ സ്റ്റാന്‍റിലേക്ക് കടക്കുന്നതും തിരിച്ചുപോകുന്നതും മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.