ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങി മറിച്ചു വില്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു, പ്രതികള്‍ പിടിയില്‍

By Web TeamFirst Published Jul 26, 2020, 4:56 PM IST
Highlights

 ഓണ്‍ലൈനിലൂടെ മൊബൈല്‍ വാങ്ങി വില്‍പന നടത്തുന്നതിനായാണ് വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇവര്‍ അപഹരിച്ചത്

ഇടുക്കി: നെടുങ്കണ്ടം ബാലഗ്രാമില്‍ വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൗമാരക്കാനടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഓണ്‍ലൈനിലൂടെ മൊബൈല്‍ വാങ്ങി വില്‍പന നടത്തുന്നതിനായാണ് വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇവര്‍ അപഹരിച്ചത്. നെടുങ്കണ്ടം ബാലഗ്രാം സ്വദേശി പാലമൂട്ടില്‍ റെജിയുടെ വീട്ടില്‍ നിന്ന് ഈ മാസം തുടക്കത്തിലാണ് സ്വര്‍ണം മോഷണം പോയത്. 

വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന 23 പവന്‍ സ്വര്‍ണമാണ് കാണാതായത്. സംഭവത്തില്‍ കൗമാരക്കാരനായ വിദ്യാര്‍ത്ഥി, തൂക്കുപാലം വടക്കേപുതുപറമ്പില്‍ മുഹമ്മദ് താഹാഖാന്‍ (21), കൂട്ടാര്‍ ബ്ലോക്ക് നമ്പര്‍ 1305ല്‍ ജാഫര്‍ (34) എന്നിവര്‍ അറസ്റ്റിലായി. കൗമാരക്കാരന്‍ ഓണ്‍ലൈനിലൂടെ മൊബൈല്‍ വരുത്തി മറിച്ച് വിറ്റിരുന്നു. ഇതിന് തുക കണ്ടെത്തുന്നതിനായാണ് സ്വര്‍ണം അപഹരിച്ചത്. ജൂലൈ ആദ്യം തൂക്കുപാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സുഹൃത്തുമായി ചേര്‍ന്ന് സ്വര്‍ണം പണയം വയ്ക്കുകയായിരുന്നു. പിന്നീട് കൂട്ടാര്‍ സ്വദേശിയായ ജാഫറിന് മുഴുവന്‍ സ്വര്‍ണം 808000 രൂപയ്ക്ക് വിറ്റു. ഇയാള്‍ ഇത് കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 820000 രൂപയ്ക്ക് മറിച്ച് വിറ്റു.

മൂന്ന് മാല, ഒരു ജോഡി കമ്മല്‍, ഒരു കാപ്പ്, അഞ്ച് വളകള്‍, അഞ്ച് തകിടുകള്‍ എന്നിവയാണ് മോഷ്‌ടിക്കപ്പെട്ടത്. റെജിയുടെ ഭാര്യയുടെ ചികിത്സയ്ക്കായി കോട്ടയം പോയ സമയത്താണ് മോഷണം നടന്നത്. ഭാര്യയുടെ ഓപ്പറേഷന് മുന്നോടിയായി മുറിച്ചുമാറ്റിയ ശേഷം സൂക്ഷിച്ചിരുന്ന അഞ്ച് വളകളും മുക്കു പണ്ടവും അലമാരയില്‍ നിന്നും ലഭിച്ചിരുന്നു. നെടുങ്കണ്ടം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പി.കെ ശ്രീധരന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

പത്തനംതിട്ടയിൽ പ്രതികളുമായി പോയ പൊലീസ് വാഹനം മറിഞ്ഞു, നാല് പേർക്ക് പരിക്ക്

click me!