കനത്ത മഴയില്‍ ഗുരുവായൂര്‍ മേഖലയില്‍ ശക്തമായ വെള്ളക്കെട്ട്; നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി

Published : Aug 01, 2026, 09:33 PM IST
Guruvayur Rain

Synopsis

ഗുരുവായൂരിൽ നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. മേഖലയിൽ മഴ ശക്തമായതോടെ ആണ് വെള്ളക്കെട്ടും രൂക്ഷമായത്. മമ്മിയൂര്‍ കൈരളി ജംഗ്ഷന്‍, പഞ്ചാര മുക്ക്, താമരയൂര്‍ ആനത്താവളം റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി.

തൃശൂര്‍: കനത്ത മഴയില്‍ ഗുരുവായൂര്‍ മേഖലയില്‍ ശക്തമായ വെള്ളക്കെട്ട്. നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. നഗരസഭയില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 10 മണിയോടെയാണ് മേഖലയില്‍ മഴ ശക്തമായത്. തൈക്കാട് തിരിവില്‍ അമ്പതോളം കടകളിലാണ് വെള്ളം കയറിയത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഒലിച്ചുപോയി. മമ്മിയൂര്‍ കൈരളി ജംഗ്ഷന്‍, പഞ്ചാര മുക്ക്, താമരയൂര്‍ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളം കയറി.

കാരക്കാട് വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈരളി ജംഗ്ഷനിലെ ഫയര്‍ ഫോഴ്‌സ് ഓഫീസിലും വെള്ളം കയറി. തൈക്കാട് തിരിവില്‍ ശക്തമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് തൃശൂര്‍ ഗുരുവായൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മമ്മിയൂര്‍ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂര്‍ കാട്ടുപാടം റോഡ്, മാവിന്‍ചുവട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു. കാറുകളും ഇരുചക്ര വാഹനങ്ങളും വെള്ളം കയറിയതിനെ തുടര്‍ന്ന് എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായി. നിരവധി മതിലുകള്‍ നിലംപൊത്തി. മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

ഗുരുവായൂര്‍ നെന്മിനിയില്‍ രണ്ടു കാറുകള്‍ നിയന്ത്രണം വിട്ട് ഒഴുക്കില്‍പെട്ടു. ഒരു കാര്‍ ഫയര്‍ ഫോഴ്‌സ് എത്തി കരയ്ക്ക് കയറ്റി. ചൊവ്വല്ലൂര്‍ പടിയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ കുറുക്കുവഴി തേടിയ രണ്ട് കാറുകളാണ് വെള്ളത്തില്‍ ഒഴുകാന്‍ തുടങ്ങിയത്. ഒരു കാറില്‍ തൈക്കാട് സ്വദേശിയും കുടുംബവുമാണുണ്ടായിരുന്നത്. കാര്‍ നിയന്ത്രണം വിട്ട് ഒഴുകാന്‍ തുടങ്ങിയതോടെ കുട്ടികളടക്കമുള്ളവര്‍ ഇറങ്ങി രക്ഷപ്പെട്ടു. ഈ കാര്‍ പിന്നീട് ഫയര്‍ഫോഴ്‌സെത്തി കെട്ടിവലിച്ച് കരക്കെത്തിക്കുകയായിരുന്നു.

തൊഴിയൂരില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തൊഴിയൂര്‍ ആയിരംകണ്ണി ഉന്നതിയില്‍ ചട്ടിക്കല്‍ ഷിബുവിന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. അയല്‍വാസി തൂമാട്ട് അമ്മിണിയുടെ വീട്ടുപറമ്പിലെ തെങ്ങാണ് കാറ്റില്‍ മുറിഞ്ഞ് ഷിബുവിന്റെ വീടിന് മുകളിലേക്ക് വീണത്. അപകടത്തില്‍ അമ്മിണിയുടെ സ്ലാബ് മതിലും തകര്‍ന്നു. തെങ്ങ് വീണ് തകര്‍ന്ന ഓടുകളും തേങ്ങകളും വീടിനുള്ളിലേക്ക് പതിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് പുറത്തേക്ക് ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് പതിച്ചതിനെ തുടര്‍ന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ഗുരുവായൂര്‍ ക്ഷേത്രത്തെ ഇത്തവണ മഴക്കെടുതി കാര്യമായി ബാധിച്ചില്ല. ശനിയാഴ്ച രാവിലെ തെക്കേ നടപ്പുരയില്‍ വെള്ളം കയറിയെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. പട്ടര്‍ക്കുളത്തിന് സമീപത്ത് നിന്ന് വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ സമീപത്തെ വ്യാപാരികള്‍ ആശങ്കയിലായി. തെക്കേ നടപ്പുരയിലെ ചില കടകളിലേക്ക് വെള്ളം കയറിയെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. ഇന്നര്‍ റിംഗ് റോഡിലെ വ്യാപാരഭവനത്തിന് സമീപം ഉച്ചവരെ വെള്ളക്കെട്ട് അനുഭവപ്പെട്ടത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ചെറിയ ബുദ്ധിമുട്ടുണ്ടാക്കി. മുന്‍ വര്‍ഷങ്ങളില്‍ മഴ പെയ്താല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്ക് വരെ വെള്ളം കയറുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഇത്തവണ അത്തരമൊരു സ്ഥിതിയുണ്ടായില്ല. അമൃത് പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് പൂര്‍ത്തിയാക്കിയ ആധുനിക കാന നിര്‍മാണവും മഴവെള്ളം വേഗത്തില്‍ ഒഴുകിപ്പോകാനുള്ള സംവിധാനവുമാണ് വെള്ളക്കെട്ട് ഗണ്യമായി കുറയാന്‍ പ്രധാന കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, മഴക്കിടയില്‍ കൗതുകക്കാഴ്ചയും അരങ്ങേറി. പട്ടര്‍ക്കുളത്തില്‍നിന്ന് വെള്ളത്തിനൊപ്പം കട്‌ല, തിലോപ്പിയ ഇനങ്ങളിലെ മത്സ്യങ്ങള്‍ കരയിലേക്ക് ഒഴുകിയെത്തി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭക്തരും വ്യാപാരികളും മത്സ്യങ്ങളെ പിടിക്കാന്‍ മത്സരിച്ചു. മഴക്കെടുതിക്കിടയിലും ഈ അപൂര്‍വ കാഴ്ച കാണാന്‍ നിരവധി പേരാണ് അവിടേക്ക് എത്തിയത്. ശക്തമായ മഴയിലും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽ...' വിടി ബൽറാമിന്‍റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ; മുഖ്യമന്ത്രിയുടെ കൊച്ചി യാത്ര വിവാദത്തിൽ
നയനമനോഹരം, നിറഞ്ഞൊഴുകി അതിരപ്പിള്ളി; മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ആദ്യം