മലപ്പുറം ജില്ലയിലെ മലയോരത്ത് വീണ്ടും കടുവാ ഭീതി: വളർത്തുനായയെ പിടികൂടാനുള്ള ശ്രമം വീട്ടുകാർ തടഞ്ഞു

By Web TeamFirst Published Dec 18, 2021, 7:25 PM IST
Highlights

ജില്ലയിലെ മലയോര മേഖല കടുവ ഭീതിയിലായിട്ട് ഒരു മാസത്തോളമായി. ദിനംപ്രതി കടുവയുടെ ആക്രമണം രൂക്ഷമാകുന്നതോടെ പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ

മലപ്പുറം: ജില്ലയിലെ മലയോര മേഖല കടുവ ഭീതിയിലായിട്ട് ഒരു മാസത്തോളമായി. ദിനംപ്രതി കടുവയുടെ ആക്രമണം രൂക്ഷമാകുന്നതോടെ പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ചാലിയാർ മൂലേപ്പാടത്ത്  രണ്ട് നായ്ക്കളെയാണ് കടുവ പിടികൂടിയത്. 

നിലമ്പൂർ - നായാടംപൊയിൽ മലയോരപാതയിൽ മൂലേപ്പാടം ഭാഗത്തെ മൂവായിരം വനമേഖലയിലാണ് കടുവ തമ്പടിച്ചിട്ടുള്ളത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പുറത്താനകുത്തിയിൽ കുട്ടിയച്ചന്റെ പട്ടിക്കൂട്ടിൽ കിടന്ന നായയെ കഴുത്തിന് കടിച്ച്  കൊണ്ടുപോകാൻ ശ്രമിച്ചത്. ശബ്ദം കേട്ട് പുറത്തു വന്ന് ടോർച്ച് അടിച്ചു നോക്കിയപ്പോൾ കടുവ ഓടി പോകുന്നത് കണ്ടതായി കുട്ടിയച്ചൻ പറഞ്ഞു. 

കഴുത്തിന് കടുവയുടെ കടിയേറ്റ നായ അവശനിലയിലാണ്. ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നു.  പുലർച്ചെ ടാപ്പിംഗിന് പോയ പാറപ്പുറം സാബു അഞ്ച് മണിയോടെ ഈ കടുവയെ കണ്ടതായി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടുമുറ്റത്തെ പട്ടി കൂട്ടിലായിരുന്ന നായയെ കടുവ പിടിച്ചു കൊണ്ടുപോയതായി കപ്പിലുമാക്കൽ ജോസിന്റെ ഭാര്യ ഗ്രേസി പറഞ്ഞു. 

കഴിഞ്ഞ രണ്ടാഴ്ചയായി കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യം വ്യക്തമായിരുന്നു. കടുവ പിടികൂടിയ പന്നിയെ മൂന്ന് ദിവസമായിട്ടാണ് ഭക്ഷിച്ചത. കടുവയെ കുടുക്കാൻ പുല്ലങ്കോട് എസ്റ്റേറ്റിൽ സ്ഥാപിച്ച കെണിയിൽ അകപ്പെട്ടില്ല.

പ്രതീകാത്മക  ചിത്രം

click me!