മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു

Published : Jul 03, 2026, 01:21 PM IST
Alappuzha School Holiday

Synopsis

ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. 

ആലപ്പുഴ: മുണ്ടിനീര് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. സ്കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂലൈ ഒന്നുമുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടത്.

​ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ നിർദേശിച്ചു. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

ജില്ലയിൽ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ പി വി അറിയിച്ചിട്ടുണ്ട്. പാരമിക്‌സോ വൈറസാണ് മുണ്ടിനീരിന് കാരണമായ രോഗാണു. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്.

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും, വേദനയും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍. പല്ലുവേദന, നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുതെന്നും ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളുടെ കണികകൾ വായുവിൽ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി ഇവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ കേൾവി തകരാറിനും, ഭാവിയില്‍ പ്രത്യുൽപാദന തകരാറുകൾ ഉണ്ടാകുന്നതിനും സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ  ഉണ്ടാകാനിടയുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം തോക്ക് ചൂണ്ടി ആക്രമണം, ഒരാളുടെ കാഴ്ച ശക്തി കുറഞ്ഞു, പ്രതികാരം തീർത്തത് വളഞ്ഞിട്ട് വെട്ടി; തൃക്കുന്നപ്പുഴയിൽ ഗുണ്ടാപ്പക, 3 പേർ പിടിയിൽ
കുഴഞ്ഞുവീണ വയോധികനെ സഹായിക്കാനെത്തി, ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് പെന്‍ഷന്‍ പണവുമായി രക്ഷപ്പെട്ട കൊടും ക്രിമിനല്‍ രതീഷ് പിടിയിൽ