കഴിഞ്ഞ ഫെബ്രുവരി 21ന് പുളിക്കീഴ് ജങ്ഷനിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അന്ന് വിഷ്ണു പ്രസന്നൻ നടത്തിയ ആക്രമണത്തിൽ ഇപ്പോൾ അറസ്റ്റിലായ വിഷ്ണു സത്യന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.
ഹരിപ്പാട്: ആലപ്പുഴയിൽ ഗുണ്ടാ കുടിപ്പകയെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. കുമാരപുരം എരിയ്ക്കാവ് സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ മണ്ണാറശാല രാധം ഹൗസിൽ വിഷ്ണു സത്യൻ (33), ചെറുതന ശാസ്താംമുറി വഴുവേലിൽ തറയിൽ അരുൺകുമാർ (അപ്പൂസ്–28), ഹരിപ്പാട് വെട്ടുവെനി കിഴക്കേടാമ്പള്ളി തേക്കതിൽ അഖിൽ റോയ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്.
തിങ്കളാഴ്ച രാത്രി പുളിക്കീഴ് ജങ്ഷന് കിഴക്കുവശത്ത് വെച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കുമാരപുരം ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നന് (30) നേരെയാണ് ക്രൂരമായ വധശ്രമമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 21ന് പുളിക്കീഴ് ജങ്ഷനിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അന്ന് വിഷ്ണു പ്രസന്നൻ നടത്തിയ ആക്രമണത്തിൽ ഇപ്പോൾ അറസ്റ്റിലായ വിഷ്ണു സത്യന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം രാത്രി കാറിലെത്തിയ സംഘം വിഷ്ണു പ്രസന്നനെ തടഞ്ഞുനിർത്തി വെട്ടിയത്.
ആക്രമണത്തിൽ വിഷ്ണു പ്രസന്നന്റെ തലയുടെ പുറകിലും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ്. അക്രമത്തിന് ഉപയോഗിച്ച വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രതികൾ മാന്നാർ എണ്ണയ്ക്കാട് ആറ്റിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അഗ്നിശമന സേനയുടെ സഹായത്തോടെ ആയുധങ്ങൾ കണ്ടെടുക്കും. തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ കെ അജിത്, പി ശ്രീകുമാർ, രഞ്ജിത്ത്, എഎസ്ഐ എസ് ഗോപകുമാർ, സീനിയർ സിപിഒമാരായ സാജിദ്, അനീഷ് കുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ഗിരീഷ് ലാൽ, ഇയാസ്, സിപിഒ നജി എന്നിവരുമുണ്ടായിരുന്നു.


