
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം നോർത്ത് യു ആർ സി ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലൊന്നായ 'വീട്ടിൽ ഒരു പുസ്തകപ്പുര' വട്ടിയൂർക്കാവ് ക്ലസ്റ്ററിൽ ജി എച്ച് എസ് കാച്ചാണിയിൽ തുടങ്ങി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അജ്നയുടെ വീട്ടിൽ ഇന്നലെയാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. നെട്ടയം വാർഡ് കൗൺസിലർ നന്ദഭാർഗ്ഗവാണ് 'വീട്ടിൽ ഒരു പുസ്തകപ്പുര' ഉദ്ഘാടനം ചെയ്തത്. പി ടി എ പ്രസിഡന്‍റ് വിൻസന്‍റ്, എസ് എം സി ചെയർമാൻ ശ്രീകുമാർ, സ്കൂൾ പ്രഥമാധ്യാപിക പ്രിയ തുടങ്ങിയവർ പുസ്തകങ്ങൾ നൽകുകയും, ആശംസകൾ നേരുകയും ചെയ്തു. വിശിഷ്ടാതിഥിയായെത്തിയ കവിയും, നാടൻപാട്ട് കലാകാരനുമായ അംബിദാസ് കാരേറ്റ്, കുട്ടിക്ക് കവിത ചൊല്ലിക്കൊടുത്തു. കൂട്ടുകാരി ഭവ്യശ്രീയും കവിത ചൊല്ലി.
സ്റ്റാഫ് സെക്രട്ടറി സുജുമേരി, ക്ലാസ്സ് ടീച്ചർ അമുത ജെസ്സി, ലൈബ്രറി ചുമതലയുള്ള അധ്യാപിക നജീന എന്നിവരും കുട്ടിക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. കുട്ടിക്ക് പുസ്തകങ്ങൾ വയ്ക്കാനായി ഷോക്കേസ് പണിഞ്ഞ്, അത് മനോഹരമാക്കി നൽകാൻ സുമനസ്സുകാണിച്ച സ്പോൺസർ, കുട്ടിക്ക് പത്രം വരുത്തി നൽകുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാര എന്നിവരെയെല്ലാം ഈ വേളയിൽ സ്മരിച്ചുകൊണ്ട് നോർത്ത് യു ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാർജ പരിപാടിക്ക് നന്ദി പറഞ്ഞു. അധ്യാപകരും, സഹപാഠികളും ഒരേ മനസാൽ കൈകോർത്ത്, വിവിധങ്ങളായ ബുക്കുകൾ നൽകി 'വീട്ടിൽ ഒരു പുസ്തകപ്പുര' ലൈബ്രറി സജീവമാക്കി. കുട്ടിക്ക് വളരെ സന്തോഷം നൽകുന്ന പ്രവർത്തനമായിരുന്നു 'വീട്ടിൽ ഒരു പുസ്തകപ്പുര' ഉദ്ഘാടന പരിപാടിയെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. പി ടി എ അംഗങ്ങൾ, സ്കൂൾ അധ്യാപകർ, സഹപാഠികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam