
ആലപ്പുഴ: ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ കടയിൽ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. ഇവിടുത്തെ റോഡിൽ സിമന്റ് കട്ടകൾ ഇളകിക്കിടക്കുന്ന നിലയിലാണ്. ഈ ഭാഗത്ത് വെളിച്ചവുമില്ലായിരുന്നു. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. റോഡിൽ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇളയ മകൾ: ആൽഫിയ.
Read More : 'ലാബിൽ നിന്ന് മൊബൈൽ പിടിച്ചു, എച്ച്ഒഡിയുടെ ശകാരം, പിന്നാലെ ആത്മഹത്യ'; ശ്രദ്ധയുടെ മരണം, കോളേജിനെതിരെ കുടുംബം
അതിനിടെ മറ്റൊരു അപകടത്തിൽ ആലപ്പുഴയിൽ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പനി ബാധിച്ച മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിലാണ് ഒന്നരവയസുകാരി മരിച്ചത്. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പില്‍ മുനീറിന്റെയും അസ്‌നയുടെയും മകള്‍ ഒന്നര വയസുള്ള ഹയ്‌സ ആണ് മരിച്ചത്. കുട്ടിയുമായി പോയ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്. പനി കൂടിയതിനെത്തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ ചേര്‍ത്തല താലുക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് മുനീറിനും പരുക്കുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam