
ആലപ്പുഴ: ‘സുഭിക്ഷ’ പദ്ധതിയിലൂടെ മിതമായ നിരക്കിൽ അന്നം വിളമ്പി വീട്ടമ്മ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വലിയകുളങ്ങര വീട്ടിൽ താമസിക്കുന്ന പ്രസന്നയാണ് ഏത് സാധാരണക്കാരനും ആശ്വാസമാകുന്ന വിലയിൽ രുചികരമായ ഭക്ഷണം നൽകുന്നത്. സിവിൽ സപ്ലൈസിന്റെ സുഭിക്ഷ പദ്ധതിയിലാണ് പ്രസന്ന ഹോട്ടൽ നടത്തുന്നത്. രണ്ട് ഒഴിച്ചുകറിയും തോരനും ഉൾപ്പെടെ മൂന്ന് തൊടുക്കറിയുള്ള ഊണിന് വെറും 20 രൂപയാണ് ഈടാക്കുന്നത്.
ഊണിനേക്കാൾ പ്രിയം ഹോട്ടലിലെ സ്പെഷ്യൽ ഐറ്റങ്ങൾക്കാണ്. ബീഫ് ഫ്രൈ, പൊട്ടി, മീൻകറി, മീൻവറ്റിച്ചത്, മീൻപൊരിച്ചത്, കക്കയിറച്ചി, ചെമ്മീൻ ഫ്രൈ തുടങ്ങിയ വിഭവങ്ങൾ ഏതും 30 രൂപയ്ക്ക് ലഭിക്കും. ഉച്ചയൂണ് മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. ഒരു ദിവസം 400 ഊണുവരെ ഇവിടെ വിൽക്കുന്നുണ്ട്. ഓർഡർ അനുസരിച്ച് പൊതികളാക്കിയും നൽകാറുണ്ട്.
മൂന്ന് സ്ത്രീകളാണ് ഹോട്ടലിൽ ജോലിചെയ്യുന്നത്. ഊണിന് സർക്കാർ സബ്സിഡിയായി അഞ്ച് രൂപ ലഭിക്കും. ഭർത്താവ് ജയൻ അസുഖ ബാധിതനായതോടെയാണ് പ്രസന്ന ഈ ഹോട്ടൽ തുടങ്ങിയത്. അന്ന് ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളുമായി ഏകയായിരുന്ന പ്രസന്ന. പിന്നീട് പാചകക്കാരിയായും ഹോട്ടലുകളിൽ സഹായിയായും ജോലി ചെയ്തു. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു ദുരിതമായതോടെയാണേ പ്രസന്ന വീട്ടിൽ ഊണുമായി രംഗത്തെത്തി. തുടക്കത്തിൽ വീട്ടിൽ തന്നെയായിരുന്നു ഹോട്ടൽ. തിരക്ക് കൂടിയതോടെ വീടിന് അടുത്ത് ഷെഡ് പണിത് അവിടേക്ക് മാറി. മകൻ അനന്തുവും ഒപ്പമുണ്ട്. മൂത്ത മകൻ ജിഷ്ണു വെൽഡിങ് ജോലികൾ ചെയ്തുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam