
സുൽത്താൻ ബത്തേരി: അമ്പലവയൽ പഞ്ചായത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൗതുകമുണർത്തി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികൾ. ഭാര്യക്കും ഭർത്താവിനും ഒരേ പഞ്ചായത്തിൽ തൊട്ടടുത്ത വാർഡുകളിൽ മത്സരിക്കാൻ പാർട്ടി അവസരം നൽകിയതാണ് സംഭവം. എടക്കൽ നഗറിൽ നിന്നുള്ള രഘുവും ഭാര്യ നിഷ രഘുവും ആണ് അമ്പലവയൽ പഞ്ചായത്തിലെ ആറാം വാർഡിലും എട്ടാം വാർഡിലുമായി ജനപിന്തുണ തേടുന്നത്. വാർഡുകൾ എസ്ടി. സംവരണമായതോടെയാണ് കുറുമ സമുദായത്തിൽ നിന്നുള്ള ഇരുവരെയും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.
അമ്പലവയൽ ടൗണിൽ 13 വർഷമായി സി.ഐ.ടി.യു. ലോഡിങ് തൊഴിലാളിയായ രഘു പാർട്ടി അംഗവും സജീവ പ്രവർത്തകനുമാണ്. എട്ടാം വാർഡായ നീർച്ചാലിൽ മത്സരത്തിനിറങ്ങുമ്പോൾ തനിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് രഘു പറഞ്ഞു. നിലവിൽ യു.ഡി.എഫിൻ്റെ സിറ്റിങ് സീറ്റാണ് നീർച്ചാൽ. മുസ്ലീം ലീഗിൽ നിന്നുള്ള സുരേഷ് ആണ് രഘുവിൻ്റെ പ്രധാന എതിരാളി. ബിരുദധാരിയായ ആദിലും ബിരുദ വിദ്യാർഥിയായ അനഘയുമാണ് ഇവരുടെ മക്കൾ.
2005-ലാണ് ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നത്. അന്ന് കടുത്ത മത്സരത്തിനൊടുവിൽ യു.ഡി.എഫിൽ നിന്ന് പതിനാറ് വോട്ടിനാണ് അമ്പലവയൽ ടൗൺ ഉൾപ്പെട്ട അഞ്ചാം വാർഡ് നിഷ തിരിച്ചു പിടിച്ചത്. ഇപ്പോൾ വാർഡ് വിഭജനത്തെ തുടർന്ന് ആറാം വാർഡ് ആയി മാറിയ ഈ ടൗൺ ഉൾപ്പെടുന്ന പ്രദേശം സി.പി.എമ്മിൻ്റെ സിറ്റിങ് സീറ്റാണ്.
വാർഡ് വിഭജനം മത്സരത്തിന് കടുപ്പമേറ്റുമെങ്കിലും വിജയം ഉറപ്പാണെന്ന് നിഷ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള സിന്ധുവാണ് നിഷയുടെ മുഖ്യ എതിരാളി. നിലവിൽ അമ്പലവയൽ പഞ്ചായത്തിൽ സി.ഡി.എസ്. ചെയർപേഴ്സണായ 41-കാരിയായ നിഷ പാർട്ടി അംഗമല്ലെങ്കിലും സജീവ പ്രവർത്തകയാണ്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ കെ ഷമീർ ആണ് ഈ വാർഡിലെ അംഗം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam