
മലപ്പുറം: പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ച ശേഷം രാത്രിയില്‍ വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത രണ്ട് പ്രതികള്‍ പോലീസ് പിടിയില്‍. ഇത്തരത്തില്‍ അമ്പതോളം കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മലപ്പുറം പോലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ഇത്തരം കേസുകളില്‍പ്പെട്ട മുന്‍ പ്രതികളെയും ജാമ്യത്തിലിറങ്ങി മുങ്ങിയവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലായി 50 തിൽ അധികം മോഷണക്കേസുകളില്‍ പ്രതികളായ അബ്ദുള്‍ കരീമും അക്ബറും പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ച ശേഷം രാത്രിയില്‍ ഇത്തരം വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യുന്നതാണ് രീതി. കിട്ടുന്ന പണംകൊണ്ട് ബംഗളുരൂ, ആന്ധ്ര, കോയന്പത്തൂര്‍ എന്നിവിടങ്ങളില്‍ ആഢംബര ജീവിതം നയിക്കുകയാണ് ഇവരുടെ പതിവ്.
സ്ഥിരമായി മോഷണം നടത്തുന്ന ഇത്തരം പ്രതികള്‍ക്കെതിരേ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ കരീമിനെയും കൂട്ടുപ്രതിയായിരുന്ന പുളിയമഠത്തില്‍ അബ്ദുള്‍ ലത്തീഫിനെയും കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ അബ്ദുള്‍ ലത്തീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന അബ്ദുള്‍ കരീം ബംഗളുരൂ, ആന്ധ്ര സംസ്ഥാനങ്ങളിലും നേപ്പാളിലും ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെ വീണ്ടും മലപ്പുറം ജില്ലയില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ട സംഘം മഞ്ചേരി നറുകര ഭാഗത്ത് ഒത്തുകൂടി ഫ്‌ളാറ്റെടുത്ത് ഒരാഴ്ചയായി താമസിച്ചുവരികയായിരുന്നു.ഇതിനിടിയിലാണ് പിടിയിലായത്.
രാത്രിയില്‍ കാറില്‍ കറങ്ങി നടന്ന് ആള്‍ത്താമസമില്ലാത്ത വീടുകള്‍ നോക്കിവച്ച് മോഷണം നടത്താനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അക്ബര്‍ വഴിക്കടവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസില്‍ പിടിയിലായി ഒന്നരമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അബ്ദുള്‍ കരീമിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിനായി വിയ്യൂര്‍ അതിസുരക്ഷ ജയിലിലേക്ക് മാറ്റും. അബ്ദുള്‍ കരീമിനും അക്ബറിനുമെതിരേ മിക്ക കേസുകളിലും കോടതിയുടെ അറസ്റ്റ് വാറണ്ടുകളുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ നിഥിന്‍ ആന്റണി, ഡാന്‍സാഫ് സ്‌ക്വാഡും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam