Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ ഭൂപതിവ് ചട്ട ഭേദഗതി; പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധവുമായി വ്യാപാരികളും

ഭൂപ്രശ്നത്തിൽ ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയിൽ വീണ്ടും പ്രതിഷേധം ഉയരുകയാണ്. ഒക്ടോബർ 23ന് കടകളടച്ച് കളക്ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വ്യാപാരികള്‍.

idukki land Law amendment Merchants along with the opposition protest
Author
munnar, First Published Oct 9, 2019, 9:52 AM IST

മൂന്നാർ: ഇടുക്കിയിലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവിനെതിരെ പ്രതിപക്ഷത്തിനൊപ്പം വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി. ഒക്ടോബർ 23ന് കടകളടച്ച് കളക്ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.

ഭൂപ്രശ്നത്തിൽ ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയിൽ വീണ്ടും പ്രതിഷേധം ഉയരുകയാണ്. ഇടുക്കി ജില്ലയ്ക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ. പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വില്ലേജ് ഓഫീസറുടെ എൻഒസിയും ആവശ്യമാണ്.

2010ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മൂന്നാറിലെ എട്ട് പഞ്ചായത്തുകളിലെ നിർമാണ പ്രവർത്തനങ്ങൾക്കാണ് റവന്യൂ വകുപ്പിന്‍റെ എൻഒസി നിർബന്ധമാക്കിയത്. ഇത് ചട്ടമാക്കണമെന്ന കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി. എന്നാൽ മൂന്നാറിൽ നടപ്പാക്കേണ്ട നിയമം ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ പ്രതിഷേധം ഉയരുമെന്നും ഇതോടെ എൻഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാർ നീക്കമെന്ന് ഇടുക്കി എംഎൽഎ റോഷി അ​ഗസ്റ്റിൻ ആരോപിച്ചു.

Read More:ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ; ഇടുക്കിയിലെ മലയോരമേഖലയിൽ പ്രതിസന്ധി

ഭേദഗതി ഏകപക്ഷീയമായി ഇടുക്കിയിൽ മാത്രം നടപ്പാക്കിയതിനെതിരെയാണ് പ്രതിഷേധം. ഉത്തരവിനെതിരെ ഒക്ടോബർ 26ന് യുഡിഎഫ് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് 23-ന് വ്യാപാരികളുടെ കടയടപ്പ് സമരം. പ്രത്യക്ഷത്തിൽ നിർദോഷമെന്ന് തോന്നാമെങ്കിലും ഉത്തരവിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Read More:ഇടുക്കിയിലെ ഭൂപതിവ് ചട്ട ഭേദഗതി: 26ന് ജില്ലയിൽ യുഡിഎഫ് ഹർത്താൽ

ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രം​ഗത്തെത്തിയിരുന്നു. കാബിനറ്റ് ചർച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്ത് വന്നതെന്നും ഉത്തരവിലെ അപാകത തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.

Read More:ഇടുക്കിയിലെ ഭൂപതിവ് ചട്ട ഭേദഗതി: കാബിനറ്റ് ചർച്ച ചെയ്തതല്ല ഉത്തരവായത്, അതൃപ്തിയുമായി സിപിഐ

Follow Us:
Download App:
  • android
  • ios