ഇടുക്കി ഭൂ സമരം; പ്രശ്നപരിഹാരത്തിന് സബ് കലക്ടര്‍ക്ക് ചുമതല

By Web TeamFirst Published Jun 27, 2019, 1:20 PM IST
Highlights


പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയെങ്കിലും രാഷ്ട്രീയ നേതാക്കള്‍ ഇടപ്പെട്ട് തടയുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ' ഭൂമിക്ക് വോട്ടെ'ന്ന മുദ്രാവാക്യവുമായി തൊഴിലാളികള്‍ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിനിധികളടക്കം പ്രശ്‌ന പരിഹാരത്തിന് തയ്യാറായത്. 

ഇടുക്കി: ജില്ലയില്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ ഭൂസമരങ്ങള്‍ക്ക് താല്‍ക്കാലിക പരിസമാപ്തി. സമരക്കാരുടെ ഭൂ രേഖകള്‍ പരിശോധിച്ച് അര്‍ഹര്‍ക്ക് ഭൂമി നല്‍കുന്നതിന് സര്‍ക്കാര്‍ സബ് കലക്ടര്‍ക്ക് അനുമതി നല്‍കി. 17 ന് റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ചിന്നക്കനാലിലെ തൊഴിലാളികളുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാന്‍ ധാരണയായത്. 

ചിന്നക്കനാലില്‍ കുടില്‍ കെട്ടി നടത്തിയ സമരം, ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. കുറ്റിയാര്‍വാലിയിലാകട്ടെ  പട്ടയം ലഭിച്ച ഭൂമികള്‍ ഉടമസ്ഥര്‍ക്ക് വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികള്‍ സമരം സംഘടിപ്പിച്ചത്. 10 വര്‍ഷം മുമ്പാണ് കുറ്റിയാര്‍വാലിയില്‍ കണ്ണന്‍ ദേവന്‍ കമ്പനിയില്‍ താമിച്ചിരുന്ന 2,300 പേര്‍ക്ക് 5 സെന്‍റ് ഭൂമി നല്‍കിയത്. സമീപസ്ഥലങ്ങളില്‍ അനുവദിച്ച 10 സെന്‍റ് ഭൂമികള്‍ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ 5 സെന്‍റ് ഭൂമി അനുവദിച്ചവര്‍ക്ക് മാത്രമാണ് പട്ടയം നല്‍കിയത്. 10 സെന്‍റിന് പട്ടയം ലഭിച്ച തൊഴിലാളികള്‍ പട്ടയകടലാസുമായി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഭൂമി വിതരണം നടത്തുന്നതിന് പ്രാദേശിക ഭരണകൂടം തയ്യറായില്ല.

കൂടുതല്‍ വായനയ്ക്ക്: ചിന്നക്കനാല്‍ ആദിവാസി ഭൂമി സമരത്തിന് പ്രാദേശിക സിപിഐ നേതൃത്വത്തിന്‍റെ പിന്തുണ

പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയെങ്കിലും രാഷ്ട്രീയ നേതാക്കള്‍ ഇടപ്പെട്ട് തടയുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ' ഭൂമിക്ക് വോട്ടെ'ന്ന മുദ്രാവാക്യവുമായി തൊഴിലാളികള്‍ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിനിധികളടക്കം പ്രശ്‌ന പരിഹാരത്തിന് തയ്യാറായത്. നൂറുകണക്കിന് തൊഴിലാളികള്‍ ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി സമരം ആരംഭിച്ചതോടെ ദേവികുളം സബ് കലക്ടറര്‍ രേണുരാജ് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. നിലവില്‍ പട്ടയങ്ങള്‍ ലഭിച്ചവരുടെ ലിസ്റ്റുകള്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയാവും ഭൂമി വിതരണം നടത്തുക. എന്നാല്‍ പട്ടയം ലഭിച്ചവരില്‍ പലരും ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കിയാവും ഭൂമി വിതരണം.  

കൂടുതല്‍ വായനയ്ക്ക്: ആദിവാസി ഭൂ സമരം ; പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപണം

നീലക്കുറുഞ്ഞി ദേശീയോദ്യാനം, കുറ്റിയാർവാലി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപികരിച്ചു. പ്രാദേശീക തെരഞ്ഞെടുപ്പിന് ശേഷം ചിന്നക്കനാലിലെ വൻകിട കൈയ്യേറ്റങ്ങൾ കണ്ടെത്താനുള്ള സംഘത്തിന് രൂപം നല്‍കുമെന്നും സബ് കലക്ടര്‍ പറ‌‍‌ഞ്ഞു.  ചിന്നക്കനാലിൽ കുടിൽ കെട്ടി താമസിക്കുന്നവർ നാളിതുവരെ ഭൂമിക്കായി അപേഷ നൽകിയിട്ടില്ല. തൊഴിലാളികൾ കുടിൽകെട്ടിയ ഭൂമിയുടെ രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനനുസരിച്ചായിരിക്കും പ്രശ്നപരിഹാരം. വന്‍കിട കൈയേറ്റങ്ങളുടെ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞാൽ ഈ ഭൂമി, സർക്കാരിന്‍റെ നിർദ്ദേശപ്രകാരം തൊഴിലാളികൾക്ക് പതിച്ചു നൽകും. അല്ലെങ്കിൽ സമീപസ്ഥലങ്ങളില്‍ റവന്യൂ ഭൂമി കണ്ടെത്തി ഇവർക്ക് വിതരണം നടത്തുമെന്നും രേണുരാജ് വ്യക്തമാക്കി.

കൂടുതല്‍ വായനയ്ക്ക്: വയനാടിന് പിന്നാലെ ഇടുക്കിയിലും ഭൂസമരം ശക്തമാകുന്നു

മൂന്നു മാസത്തിനുള്ളിൽ ഭൂവിതരണ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസിക്കുന്നതെന്ന് സബ് കലക്ടര്‍ പറഞ്ഞു. നിലവിൽ ജീവനക്കാരുടെ എണ്ണം പരിമിതമാണ്. പ്രശ്നങ്ങൾ ഏറെയുള്ള പ്രദേശമായതിനാൽ ഫയലുകൾ സമയബഡിതമായി തീർപ്പുകൽപ്പിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടുമെന്നും സബ് കളക്ടർ വ്യക്തമാക്കി.

click me!